കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ന്യൂഡല്‍ഹി: പാരമ്പര്യങ്ങളുടെ വൈവിധ്യം സൂക്ഷിക്കുമ്പോള്‍ തന്നെ ഏറ്റവും വലുതും ചലനാത്മകവുമായ ജനാധിപത്യമായ ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളിയെ നേരിടാന്‍ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കും സംവാദത്തിനും ജനക്ഷേമകരമായ തീരുമാനങ്ങള്‍ക്കുമുള്ള വേദിയാണ് പാര്‍ലമെന്റ്. പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറുന്നെന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ്. പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം സമകാലിക ലോകത്തിനൊപ്പം ചുവടു വയ്ക്കുന്നതുമാണ് പുതിയ മന്ദിരമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ പുതിയ പ്രഭാതം ഉദിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള കക്ഷികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഈ അവസരം മുതലാക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ ജനാധിപത്യ സ്ഥാപനങ്ങളിലൂടെ യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാനും ജമ്മു കശ്മീര്‍ ജനത തയാറാവണമെന്നും രാഷ്ട്രപതി ഓര്‍മ്മപ്പെടുത്തി. കോവിഡിന്റെ രണ്ടാം തരംഗം പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ സമ്മര്‍ദത്തിലാക്കി. ഇത്ര വലിയ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ വികസിത സമ്പദ് വ്യവസ്ഥകള്‍ക്കുപോലും സാധിക്കില്ല. പോരായ്മകള്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായി. നേതൃത്വം അവസരത്തിനൊത്തുയര്‍ന്നു.

സാമ്പത്തികവും പാരിസ്ഥിതികവുമെന്നതുള്‍പ്പെടെ നീതിക്ക് പല വ്യാഖ്യാനങ്ങളും ഇപ്പോഴുണ്ട്. തുല്യതയില്ലാത്ത ലോകത്തില്‍ കൂടുതല്‍ തുല്യതയ്ക്കായും അനീതിയുടെ സാഹചര്യങ്ങളില്‍ കൂടുതല്‍ നീതിക്കായും പരിശ്രമം വേണം. മുന്നോട്ടുള്ള പാത സുഗമമല്ല, വളവുകളും തിരിവുകളുമുള്ളതാണ്. എന്നാല്‍, സമാനതകളില്ലാത്ത മാര്‍ഗനിര്‍ദേശങ്ങളുടെ മെച്ചം നമുക്കുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള ഋഷിമാര്‍ മുതല്‍ സമീപകാല നേതാക്കളില്‍ നിന്നുവരെ ലഭിച്ചതാണവ. നാനാത്വത്തില്‍ ഏകത്വമെന്ന മനോഭാവത്തോടെ ശരിയായ ദിശയിലാണ് രാഷ്ട്രം മുന്നോട്ടുപോകുന്നതെന്നും സന്ദേശതത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.