ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് നാല് ദിവസത്തിന് ശേഷം. ഐസിയുവില്‍ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത് എന്നാണ് പരാതി. ആരോപണത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ (55) ആണ് മരിച്ചത്. ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോള്‍ ഐസിയുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച് നാല് ദിവസം കഴിഞ്ഞെന്ന് പറയുന്നത്. ഇന്നലെയും സമാന പരാതി ഉയര്‍ന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണം വിവരം രണ്ട് ദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്നായിരുന്നു കുടുംബം ആരോപിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ദേവദാസിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഈ മാസം ഒമ്പതിന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പന്ത്രണ്ടാം തിയതി മരണം സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യം ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യത്തില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. മരണവിവരം അറിയിക്കാന്‍ ബന്ധുക്കളെ പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.