കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച താലിബാന്‍. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് മുതിരരുതെന്നും ആരും പലായനം ചെയ്യരുതെന്നും താലിബാന്‍ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്. നഗരത്തില്‍നിന്ന് വന്‍ തോതിലുള്ള ഒഴിഞ്ഞുപോക്ക് തുടരുകയാണ്.
ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്. ഒരു പോരാട്ടം പോലുമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാന്‍ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്. അഫ്ഗാന്‍ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.
യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കി. പ്രത്യേക വിമാനങ്ങളില്‍ ഉദ്യോഗസ്ഥരെ മിന്നല്‍ വേഗത്തില്‍ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനിലേക്ക് അയച്ചു.
രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്. താലിബാന്‍ ഏത് നിമിഷവും നഗരം പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍, കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകള്‍ തീയിട്ട് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ പതാകയുള്‍പ്പെടെ എല്ലാം നീക്കം ചെയ്യാനാണ് ഇന്റേണല്‍ മെമ്മോ വഴി നിര്‍ദേശം നല്‍കിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം.
പ്രസിഡന്റ് അഷ്റഫ് ഖാനി ഏതു നിമിഷവും സ്ഥാനം ഒഴിഞ്ഞേക്കും എന്നതാണ് അവസ്ഥ. കാബൂള്‍ ഒഴികെ എല്ലാ സുപ്രധാന നഗരങ്ങളും പാതകളും താലിബാന്‍ പിടിച്ചതോടെ കാബൂളിലേക്ക് ഇന്ധനം പോലും എത്തില്ല എന്നതാണ് അവസ്ഥ. എല്ലാക്കാലത്തും അഫ്ഗാനില്‍ തുടരാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഈ യുദ്ധം തലമുറകളിലേക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. എത്ര വര്‍ഷം തുടര്‍ന്നാലും അഫ്ഗാനില്‍ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.