സ്റ്റെപ്പിനി ടയറിന് വലുപ്പക്കുറവ്; നിര്‍മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

സ്റ്റെപ്പിനി ടയറിന് വലുപ്പക്കുറവ്; നിര്‍മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കാസര്‍കോട്: പുതിയ കാര്‍ വാങ്ങുമ്പോള്‍ സ്റ്റെപ്പിനിയായി നല്‍കിയ ടയറിന് വ്യത്യസ്ത വലുപ്പമായതില്‍ പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. പരാതിക്കാരന് വാഹന നിര്‍മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം വിധിച്ചു. കുറ്റിക്കോല്‍ ഞെരുവിലെ സി മാധവനാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.

കാറില്‍ ഘടിപ്പിച്ചിരുന്ന നാല് ടയറിനേക്കാള്‍ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നല്‍കിയ ടയറിന്. വ്യത്യസ്ത വലുപ്പത്തിലുള്ള ടയറുകള്‍ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വര്‍ക്ക്‌ഷോപ്പ് ഇല്ലെങ്കില്‍ സ്റ്റെപ്പിനികൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും ഉപഭോക്തൃഫോറം വ്യക്തമാക്കി.

വാഹന വിലയില്‍ സ്റ്റെപ്പിനി ചക്രത്തിന്റെ വിലകൂടി ഉള്‍പ്പെടുമെന്നും മോട്ടോര്‍ വാഹനചട്ട പ്രകാരം ഇത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണെന്നും കെ കൃഷ്ണന്‍ അധ്യക്ഷനും എം രാധാകൃഷ്ണന്‍, കെ.ജി ബീന എന്നിവര്‍ അംഗങ്ങളുമായ ഫോറം വിധിച്ചു. സ്റ്റെപ്പിനി ടയര്‍ നല്‍കുന്നത് അടിയന്തരഘട്ടത്തില്‍ അടുത്ത വര്‍ക്ക് ഷോപ്പുവരെ എത്താനാണെന്നായിരുന്നു വാഹന നിര്‍മാതാതാവിന്റെയും വില്‍പ്പനക്കാരന്റേയും വാദം. പരാതിക്കാരനുവേണ്ടി ടി.സി നാരായണനാണ് ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.