വയനാട്: രാജ്യത്തെ ആദ്യ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയെന്ന നേട്ടത്തിനടുത്ത് വയനാട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിലേയ്ക്ക് ജില്ലയെ നയിച്ചത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മൊബൈല്‍ വാക്‌സിനേഷന്‍ യജ്ഞങ്ങളും ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന വാക്‌സിനേഷന്‍ മെഗാ ഡ്രൈവും വന്‍ വിജയമാണെന്നാണ് വിലയിരുത്തല്‍.
പ്രധാന ടൂറിസം ജില്ലയായതിനാല്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ വാക്‌സിനേഷന്‍ മെഗാ ഡ്രൈവില്‍ ഒരു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായതായി ജില്ലാ ഭരണകൂടം അറിയിച്ചു. മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്റെ ആദ്യഘട്ടം ജില്ല പൂര്‍ത്തീകരിച്ചത്.
തദ്ദേശസ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നിലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ആദിവാസി ജനസംഖ്യ കൂടുതലുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ നേരത്തെ തന്നെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനായതും നേട്ടമായി. സംസ്ഥാനത്ത് ആദ്യമായി 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തിയ ജില്ലയെന്ന ബഹുമതി വയനാടും കാസര്‍കോടും നേരത്തെ പങ്കിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.