ഇറ്റലിയിലെ പ്ലേഗ് ബാധിതര്‍ക്കായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ റോക്ക്

ഇറ്റലിയിലെ പ്ലേഗ് ബാധിതര്‍ക്കായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ റോക്ക്

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 16

ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയറിലെ ഗവര്‍ണറുടെ ഏക മകനായി വിശുദ്ധ റോക്ക് ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം തന്റെ സ്വത്തുക്കള്‍ മുഴുവന്‍ ദാനമായി നല്‍കിയ റോക്ക് ഇരുപതാം വയസില്‍ ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു.

പിന്നീട് ഒരിക്കല്‍ തീര്‍ത്ഥാടനത്തിനായി റോമിലെത്തിയപ്പോള്‍ അവിടെ നിരവധി ആളുകള്‍ പ്ലേഗ് ബാധ മൂലം യാതനകള്‍ അനുഭവിക്കുന്നത് കണ്ടു മനം മടുത്ത വിശുദ്ധന്‍ ഇറ്റലിയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു.

അനേകം പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കുന്നതിനും രക്ഷിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചെങ്കിലും പിയാസെന്‍സായില്‍ വെച്ച് രോഗബാധിതനായ അദ്ദേഹത്തെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ഒരു കാട്ടില്‍ അഭയം കണ്ടെത്തി. ആ വനത്തില്‍ വെച്ച് ഒരു നായയാണ് വിശുദ്ധന് റൊട്ടി കഷണങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നത്. തന്റെ അഗാധമായ വേദനകള്‍ വിശുദ്ധന്‍ ക്ഷമയോടും സന്തോഷത്തോടും കൂടി സഹിച്ചു.

അവസാനം ദൈവം വിശുദ്ധനില്‍ സംപ്രീതനാവുകയും അദ്ദേഹത്തെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്‍ വഴിയായി അത്ഭുതകരമായ നിരവധി രോഗശാന്തികള്‍ ഉണ്ടായി. തുടര്‍ന്ന് മോണ്ട്‌പെല്ലിയറില്‍ തിരിച്ചെത്തിയ വിശുദ്ധന്‍ കഠിനമായ ഭക്തിയും കാരുണ്യവും നിറഞ്ഞ അനുതാപത്തോടു കൂടിയ ആശ്രമ ജീവിതം നയിച്ചു.

മോണ്ട്‌പെല്ലിയറില്‍ തിരിച്ചെത്തിയ വിശുദ്ധനെ ആരും തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെ അമ്മാവനും ഗവര്‍ണറുമായിരുന്ന വ്യക്തി തീര്‍ത്ഥാടകന്റെ വേഷം ധരിച്ച ചാരന്‍ എന്ന് മുദ്രകുത്തി റോക്കിനെ തടവിലാക്കി. വിശുദ്ധനാകട്ടെ താന്‍ റോക്കാണെന്ന വിവരം അമ്മാവനെ ധരിപ്പിക്കുവാന്‍ കഴിയാതെ സഹനം സ്വീകരിക്കുകയും ചെയ്തു.

ആ തടവില്‍ കിടന്ന് വിശുദ്ധന്‍ മരണം വരിച്ചു. അദ്ദേഹത്തിന്റെ നെഞ്ചില്‍ പച്ചകുത്തിയിട്ടുള്ള കുരിശടയാളം വഴി മുന്‍ ഗവര്‍ണറുടെ മകനാണ് അതെന്ന വിവരം ഗവര്‍ണര്‍ പിന്നീടാണ് മനസിലാക്കിയത്.

1485 ല്‍ വിശുദ്ധന്റെ മൃതദേഹം മോണ്ട്‌പെല്ലിയറില്‍ നിന്നും വെനീസിലേക്ക് കൊണ്ട് വരുകയും അവിടെ ഒരു മനോഹരമായ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ റോമിലെ ആള്‍സിലും മറ്റ് ചില സ്ഥലങ്ങളിലും വിശുദ്ധന്റെ ചില തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതായി കാണാം.

മരണശേഷം അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ഉര്‍ബന്‍ എട്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധികളുടെ ഇടയില്‍ ഇന്നും വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്നു. ഇറ്റലിയില്‍ റോക്കോ എന്നും സ്‌പെയിനില്‍ റോക്ക്യു എന്നുമാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഹങ്കറിയിലെ വി. സ്റ്റീഫന്‍

2. മധ്യ ഇറ്റലിയിലെ അംബ്രോസു

3. അര്‍മാജില്ലൂസ്

4. ഔക്‌സേര്‍ ബിഷപ്പായിരുന്ന എലെവുത്തേരിയൂസ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.