സഹകരണ ബാങ്കുകള്‍ക്കുമേല്‍ കേന്ദ്രം പിടി മുറുക്കുന്നു; നിയന്ത്രണത്തിനായി 'അപ്പെക്‌സ് ബോഡി'

സഹകരണ ബാങ്കുകള്‍ക്കുമേല്‍ കേന്ദ്രം പിടി മുറുക്കുന്നു; നിയന്ത്രണത്തിനായി 'അപ്പെക്‌സ് ബോഡി'

തിരുവനന്തപുരം: രാജ്യത്തെ സഹകരണബാങ്കുകളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി ദേശീയതലത്തില്‍ 'അപ്പെക്സ് ബോഡി' രൂപവത്കരിച്ചു. 'അപ്പെക്‌സ് കോ-ഓപ്പ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡ്' എന്ന പേരില്‍ കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നബാര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സാമ്പത്തിക സഹായം ഇതുവഴി ആക്കാനാണ് ആലോചന.

നിലവില്‍ കേരള ബാങ്ക് വഴി കാര്‍ഷിക വായ്പക്കായി ലഭിക്കുന്ന റീ ഫിനാന്‍സ് ഉള്‍പ്പെടെ ഇതിലേക്കു മാറും. ഫലത്തില്‍ ഫിനാന്‍സ് കമ്പനി സഹകരണ ബാങ്കുകളുടെ 'കേന്ദ്രബാങ്ക്' ആയി മാറും. അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍, വായ്പാ സഹകരണ സംഘങ്ങള്‍, കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവയാണ് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്പനിയുടെ ഭാഗമാകുന്നത്.

തുടക്കത്തില്‍ അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷനായി ഇതിനെ മാറ്റാനാണു തീരുമാനം. സഹകരണ ബാങ്കുകള്‍ക്ക് സാമ്പത്തികസഹായവും സാമ്പത്തികേതര സൗകര്യവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്ന് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ വ്യക്തമാക്കുന്നു. ഒരേസമയം, സഹകരണ ബാങ്കുകള്‍ക്ക് സാമ്പത്തിക-സാമ്പത്തികേതര സഹായം നല്‍കുന്ന കേന്ദ്രസ്ഥാപനമായും റിസര്‍വ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജന്‍സിയായും ഈ കമ്പനി പ്രവര്‍ത്തിക്കും. വാണിജ്യ ബാങ്കുകള്‍ക്ക് ബാങ്കേഴ്സ് സമിതിയാണ് അംഗീകൃത നിയന്ത്രണ ഏജന്‍സി. സഹകരണ ബാങ്കുകള്‍ക്കായി ഇനി ഈ കമ്പനിയായിരിക്കും നിയന്ത്രണ ഏജന്‍സി. 100 കോടിയുടെ പ്രവര്‍ത്തന മൂലധനമാണ് പുതിയ കമ്പനിക്കുള്ളത്.

പത്തുരൂപ വിലയുള്ള പത്തുകോടി ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കുക. അര്‍ബന്‍ ബാങ്കുകളോട് ഓഹരിയെടുക്കാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും കേരളത്തിലെ അര്‍ബന്‍ ബാങ്ക് അസോസിയേഷന്‍ അത് അംഗീകരിച്ചിട്ടില്ല. അര്‍ബന്‍ ബാങ്കുകള്‍ക്കു പുറമേ, പ്രാഥമിക സഹകരണ ബാങ്കുകളെ ഇതിന്റെ ഭാഗമാക്കിയാല്‍ അത് സംസ്ഥാനത്തിന്റെ സഹകരണ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കും. പ്രത്യേകിച്ച്, കേരളബാങ്കിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നടപടിയാകും.

സാമ്പത്തികസഹായം സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും റീഫിനാന്‍സ് ഫെസിലിറ്റിയും മൂലധന സഹായവും ഉറപ്പാക്കുകയെന്നതാണ് സാമ്പത്തികസഹായത്തില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ ശരാശരി 2500 കോടിയോളം രൂപ കേരള ബാങ്കിന് നബാര്‍ഡിന്റെ റീഫിനാന്‍സ് സഹായം ലഭിക്കുന്നുണ്ട്. കേരളബാങ്ക് വഴി ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും കാര്‍ഷികസംഘങ്ങള്‍ക്കും വിതരണം ചെയ്യുന്നതാണ് രീതി. ഈ സഹായം ഉള്‍പ്പെടെ ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങള്‍ക്കുള്ള റീഫിനാന്‍സ് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്പനിയിലൂടെ നല്‍കാനാണു സാധ്യത. സംഘങ്ങളുടെ വളര്‍ച്ച, വികസനം, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കുകയെന്നതാണ് കേന്ദ്ര സ്ഥാപനത്തിന്റെ പ്രവര്‍ത്തന രേഖയില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.