ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ബയോയില്‍ മുന്‍ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാര്‍ട്ടി വിട്ടതായി വ്യക്തമായത്.
ഇന്ന് കൊല്‍ക്കത്തയിലെത്തുന്ന സുഷ്മിത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസ് വിട്ട അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
രാജി അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും പാര്‍ട്ടി വിടുന്നതിന്റെ കാരണം സുഷ്മിത പറയുന്നില്ല. ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് ഒപ്പം സുഷ്മിതയുടെ അടക്കം ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണിരുന്നു.
രാഹുല്‍ ഗാന്ധി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം അവരുടെ ചിത്രമുള്ള പോസ്റ്റ് ഇട്ടതിന് പിന്നാലെ പലരും ഇതേ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയിരുന്നു.
അസമില്‍ എഐയുഡിഎഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. സുഷ്മിത ദേവ് പാര്‍ട്ടി വിടില്ലെന്നാണ് അന്ന് അസം പാര്‍ട്ടി നേതൃത്വം പറഞ്ഞത്. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.