മെല്‍ബണ്‍: ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സഭാ സമൂഹത്തിനുള്ള ആദരവിന്റെ അടയാളമായി മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയോടു ചേര്‍ന്നു നിര്‍മിക്കുന്ന കള്‍ച്ചറല്‍ സെന്ററിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.73 കോടി) അനുവദിച്ചു. വിക്ടോറിയന്‍ സംസ്ഥാന സര്‍ക്കാരാണ് തുക അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മള്‍ട്ടി കള്‍ച്ചറല്‍, സ്പോട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് മിനിസ്റ്റര്‍ റോസ് സ്പെന്‍സ് നടത്തിയത്.
ഇടവകാംഗങ്ങളുടെ ആത്മീയ, ഭൗതിക വളര്‍ച്ചയ്ക്ക് സഹായകമാകുന്ന സെമിനാറുകളും മറ്റു പരിപാടികളും നടത്താനുള്ള വിശാലമായ സൗകര്യങ്ങളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് വിഭാഗത്തിന്റെ മള്‍ട്ടി കള്‍ച്ചറല്‍ കമ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇക്കണോമിക് സ്റ്റിമുലസ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തിയ സംഗമത്തില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
നിര്‍മാണം പുരോഗമിക്കുന്ന കള്‍ച്ചറല്‍ സെന്റര്‍
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ലോഗോ പ്രകാശനം തോമസ് ടൗണില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ബ്രോണ്‍വിന്‍ ഹാഫ്പെന്നിയും കത്തീഡ്രല്‍ ഇടവകയിലെ യുവജനങ്ങള്‍ തയാറാക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ലഘുവീഡിയോ ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീലും പ്രകാശനം ചെയ്തു. വിക്ടോറിയന്‍ സര്‍ക്കാര്‍ യൂത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെയാണ് യുവജനങ്ങള്‍ വീഡിയോ തയാറാക്കിയത്.
കത്തീഡ്രലിന്റെയും കള്‍ച്ചറല്‍ സെന്ററിന്റെയും നിര്‍മാണ പുരോഗതികള്‍ ലുമെയിന്‍ കണ്‍സ്ട്രക്ഷന്‍സ് ഡയറക്ടര്‍ റോബ് മാറോസിക് വിശദീകരിച്ചു. വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കത്തീഡ്രല്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവര്‍ കൈമാറി. ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ബില്‍ഡിംഗ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, യുവജനവിഭാഗം പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എപ്പിങ്ങില്‍ ഹ്യൂം ഫ്രീവേയ്ക്കു സമീപം രണ്ടേ മുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് വിശുദ്ധ അല്‍ഫോന്‍സയുടെ നാമധേയത്തിലുള്ള കത്തീഡ്രലും കള്‍ച്ചറല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. 2020ലെ ദുക്റാന തിരുനാള്‍ ദിനത്തില്‍ ശിലാസ്ഥാപനം നിര്‍വഹിച്ച കത്തീഡ്രലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2013 ഡിസംബര്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിച്ചത്. അമേരിക്കയിലെ ചിക്കാഗോ രൂപതയ്ക്കുശേഷം ഭാരതത്തിന് വെളിയില്‍ സ്ഥാപിതമായ സിറോ മലബാര്‍ രൂപതയാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.