അഫ്ഗാനില്‍നിന്ന് ന്യൂസിലന്‍ഡ് പൗരന്മാരെ തിരികെയെത്തിക്കാന്‍ സൈനിക വിമാനം അയയ്ക്കുമെന്ന് പ്രധാനമന്ത്രി

അഫ്ഗാനില്‍നിന്ന് ന്യൂസിലന്‍ഡ് പൗരന്മാരെ തിരികെയെത്തിക്കാന്‍ സൈനിക വിമാനം അയയ്ക്കുമെന്ന് പ്രധാനമന്ത്രി

ഒട്ടാവ: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രത്തിലായതോടെ അവിടെയുള്ള വിദേശ പൗരന്മാരെ നാട്ടിലേക്കു തിരികെയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വിവിധ സര്‍ക്കാരുകള്‍. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ന്യൂസിലന്‍ഡുകാരെ തിരിയെത്തിക്കാന്‍ സൈനിക വിമാനം അയയ്ക്കുമെന്നു പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ അറിയിച്ചു. ഇന്നു നടന്ന മന്ത്രിസഭയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അഫ്ഗാനിസ്ഥാനില്‍ 53 ന്യൂസിലന്‍ഡുകാരാണുള്ളത്. സേനയെ സഹായിച്ച 37 അഫ്ഗാന്‍ പൗരന്മാരെയും ന്യൂസിലന്‍ഡിലേക്കു കൊണ്ടുവരുമെന്നു ജസീന്ദ ആര്‍ഡെന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഇത്രവേഗം വഷളാകുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ലെന്ന് ആര്‍ഡെന്‍ പറഞ്ഞു. രണ്ടു മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് കരുതിയിരുന്നത്.

അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് ന്യൂസിലന്‍ഡ് സര്‍ക്കാരിന് ഏറെ ആശങ്കയുണ്ട്. മനുഷ്യാവകാശങ്ങളും അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷയും അധികാരത്തിലേറുന്ന താലിബാന്‍ സര്‍ക്കാര്‍ ബഹുമാനിക്കണമെന്നും ആര്‍ഡെന്‍ ആവശ്യപ്പെട്ടു.

പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിനായി ഇ-130 സൈനിക വിമാനവും 40 സൈനിക ഉദ്യോഗസ്ഥരെയും അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കുമെന്നു ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് കെവിന്‍ ഷോര്‍ട്ട് പറഞ്ഞു. ദൗത്യം ഒരു മാസം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി അഫ്ഗാന്‍ പൗരന്മാരാണ് ന്യൂസിലന്‍ഡിലേക്കു വരാന്‍ താല്‍പര്യമറിയിച്ചിരിക്കുന്നത്. അവര്‍ ഇമിഗ്രേഷനുമായി ബന്ധപ്പെടുന്നുണ്ട്. ന്യൂസിലന്‍ഡ് സേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞതിനുശേഷം ഇവിടേക്കു കൊണ്ടുവരുമെന്നു കെവിന്‍ ഷോര്‍ട്ട് പറഞ്ഞു.

ന്യൂസിലന്‍ഡ് സേനയെ സഹായിച്ച 37 അഫ്ഗാന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 200 പേരെയെങ്കിലും അവിടെനിന്നു രക്ഷപ്പെടുത്തണം. അതിനാണ് ആദ്യം പരിഗണന നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.