ഇവിടേക്ക് വരേണ്ടെന്ന് താജിക്കിസ്ഥാന്‍: അഷ്‌റഫ് ഘനി ഒമാനില്‍ ഇറങ്ങി; ഇനി യുഎസിലേക്കെന്ന് സൂചന

ഇവിടേക്ക് വരേണ്ടെന്ന് താജിക്കിസ്ഥാന്‍: അഷ്‌റഫ് ഘനി ഒമാനില്‍ ഇറങ്ങി; ഇനി യുഎസിലേക്കെന്ന് സൂചന

കാബൂള്‍ വിമാനത്താവളം പൂര്‍ണ്ണമായി അടച്ചു.
അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു.
അറുപത് രാജ്യങ്ങളിലെ പൗരന്മാര്‍ കാബൂളില്‍ കുടുങ്ങി.
വിദേശികളെ അക്രമിക്കില്ലെന്നും രാജ്യത്ത് ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും താലിബാന്‍.

കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചതിനെ തുടര്‍ന്ന് രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഘനിക്ക് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നിഷേധിച്ചതോടെ അഷ്‌റഫ് ഘനി ഒമാനില്‍ ഇറങ്ങി. അദ്ദേഹം അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതോടെയാണ് ഘനിയും കുടുംബവും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടത്.

കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വല്‍ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രാജ്യം വിട്ടിട്ടില്ല. തന്റെ പെണ്‍കുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കര്‍സായി പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഡിയോ സന്ദേശത്തില്‍ ഹമീദ് കര്‍സായി താലിബാനോട് അഭ്യര്‍ത്ഥിച്ചു.

അതിനിടെ റണ്‍വേയില്‍ അടക്കം ജനം തമ്പടിച്ചതോടെ കാബൂള്‍ വിമാനത്താവളം പൂര്‍ണ്ണമായി അടച്ചു. കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വച്ചു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമ മേഖല ഒഴിവാക്കുകയും ചെയ്തു. ഇതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്.

താലിബാന്‍ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാന്‍കാരാണ് വിമാനങ്ങളിലേക്ക് ഇരച്ചു കയറിയത്.ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ സുരക്ഷിതമായി രാജ്യംവിടാന്‍ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ താലിബാനോട് ആവശ്യപ്പെട്ടു. വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

രാജ്യത്തിന്റെ പേരുമാറ്റി 'ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്നാക്കിയതായി താലിബാന്‍ സ്ഥിരീകരിച്ചു. അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാന്‍ രാജ്യത്ത് ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.