സീറോ മലബാര്‍ സഭയുടെ ഇരുപത്തൊമ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മെത്രാന്‍ സിനഡ് സെക്രട്ടറിയും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്തന്‍ വികാരിയുമായ മാര്‍ ആന്റണി കരിയില്‍ എന്നിവര്‍ സമീപം.
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തൊമ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ് പ്രാരംഭ ധ്യാന ചിന്തകള്‍ പങ്കുവച്ചു.
കോവിഡ് വ്യാപനം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് സകലരും സര്‍വ്വാത്മനാ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡു മൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ മെത്രാന്‍ സിനഡിലെ അംഗമായിരുന്ന ബിഷപ് പാസ്റ്റര്‍ നീലങ്കാവില്‍ കോവിഡ് മൂലം മരണമടഞ്ഞതിലുള്ള അനുശോചനവും പ്രാര്‍ത്ഥനയും കര്‍ദിനാള്‍ പങ്കുവച്ചു.
സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തുന്ന സിനഡാണ് ഇന്ന് ആരംഭിച്ചതെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബ്ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ നിര്‍ഡേശത്തിന് കര്‍ദിനാള്‍ നന്ദി പറഞ്ഞു.
മാര്‍പാപ്പായുടെ നിര്‍ദ്ദേശം വിധേയത്വത്തോടെ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനുമുള്ള കടമയെക്കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് പ്രത്യേകം അനുസ്മരിച്ചു. നവീകരിച്ച കുര്‍ബ്ബാനക്രമത്തിന് പൗരസ്ത്യ തിരുസംഘവും മാര്‍പാപ്പയും നല്‍കിയ അംഗീകാരത്തിനും മാര്‍ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.
ഓഗസ്റ്റ് 27നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്റെ വരും ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.