'താലിബാന്‍ ഞങ്ങളെ കൊല്ലും' രക്ഷിക്കണമെന്ന് അപേക്ഷിച്ച് അഫ്ഗാന്‍ വംശജരായ ഓസ്ട്രേലിയന്‍ പൗരന്മാര്‍

'താലിബാന്‍ ഞങ്ങളെ കൊല്ലും' രക്ഷിക്കണമെന്ന് അപേക്ഷിച്ച് അഫ്ഗാന്‍ വംശജരായ ഓസ്ട്രേലിയന്‍ പൗരന്മാര്‍

കാന്‍ബറ: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന അഫ്ഗാന്‍ വംശജരായ ഓസ്ട്രേലിയന്‍ പൗരന്മാര്‍ താലിബാന്‍കാരാല്‍ കൊല്ലപ്പെടുമെന്ന കടുത്ത ആശങ്കയില്‍. തങ്ങളെയും കുടുംബാംഗങ്ങളെയും എത്രയും പെട്ടെന്ന് ഓസ്ട്രേലിയയില്‍ എത്തിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്ന് അഭ്യര്‍ഥിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു കാബൂളില്‍ കുടുങ്ങിയ മുഫ്തഹുദ്ദീന്‍ ബാബക്കര്‍ഖില്‍ പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശദാംശങ്ങളും അവര്‍ക്ക് അയച്ചുകൊടുത്തു. അടിയന്തര സഹായം വേണമെന്ന് അഭ്യര്‍ഥിച്ചു. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുഫ്തഹുദ്ദീന്‍ ബാബക്കര്‍ഖില്‍ ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സിയോട് പറഞ്ഞു.

സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍നിന്ന് വിമാനം എപ്പോള്‍ അയയ്ക്കാനാവുമെന്ന് അറിയില്ലെന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയത്. നിലവില്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്.

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയക്കാരെയും സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെയും രക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ ദേശീയ സുരക്ഷാ സമിതി അംഗീകാരം നല്‍കിയിരുന്നു.

അതേസമയം, സ്വയരക്ഷ തേടിയുള്ള ജനങ്ങളുടെ കൂട്ടപ്പലായനം മൂലം കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതി അതീവ സങ്കീര്‍ണമാണ്. ഈ സാഹചര്യത്തില്‍ കാബൂളില്‍ ഓസ്‌ട്രേലിയന്‍ വിമാനങ്ങള്‍ക്ക് എപ്പോള്‍ ഇറങ്ങാന്‍ കഴിയുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ഓസ്ട്രേലിയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും മുന്‍ കാബൂള്‍ എംബസി ജീവനക്കാരെയും സൈനിക വിമാനത്തില്‍ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓസ്ട്രേലിയന്‍ പൗരനായതിനാല്‍ താലിബാന്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നു മുഫ്തഹുദ്ദീന്‍ ബാബക്കര്‍ഖില്‍ പറഞ്ഞു. താന്‍ ഒരു ഓസ്‌ട്രേലിയന്‍ പൗരനാണെന്ന് താലിബാന്‍ മനസിലാക്കിയാല്‍ അതു മാത്രം മതി കൊല്ലപ്പെടാന്‍-അദ്ദേഹം പറഞ്ഞു.

ഭാര്യയെയും കുട്ടിയെയും മറ്റു കുടുംബാംഗങ്ങളെയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് മുഫ്തഹുദ്ദീന്‍ ഉദ്ദേശിക്കുന്നത്. കുടുംബാംഗങ്ങള്‍ ആരും ഓസ്ട്രേലിയന്‍ പൗരന്മാരല്ല. എങ്കിലും കാബൂളില്‍ അവരെ ഉപേക്ഷിക്കില്ലെന്ന് ബാബക്കര്‍ഖില്‍ പറഞ്ഞു.

മരിക്കുകയാണെങ്കില്‍ കുടുംബത്തോടൊപ്പം മരിക്കുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്‍ നിയന്ത്രത്തിലായതോടെ അവിടെയുള്ള വിദേശ പൗരന്മാരും അവര്‍ക്ക് സഹായം നല്‍കിയവരും കടുത്ത ആശങ്കയിലാണ്. കാബൂള്‍ വിമാനത്താവളത്തില്‍ അടക്കം സ്ഥിതിഗതികള്‍ വഷളായതിനാല്‍ തങ്ങളുടെ പൗരന്മാരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന ആലോചനയിലാണ് വിവിധ രാജ്യങ്ങള്‍.

അഫ്ഗാന്റെ വ്യോമമാര്‍ഗം അടച്ചതിനാല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. വൈകാതെ ഫോണും ഇന്റര്‍നെറ്റുമൊക്കെ താലിബാന്‍ വിച്ഛേദിക്കുമെന്ന ഭയവും അവിടെ കുടുങ്ങിയവര്‍ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.