വിശുദ്ധ ഹയസിന്ത്: പോളണ്ടില്‍ ഡൊമിനിക്കന്‍ സഭയെ വളര്‍ത്തിയ വൈദികന്‍

വിശുദ്ധ ഹയസിന്ത്: പോളണ്ടില്‍ ഡൊമിനിക്കന്‍ സഭയെ വളര്‍ത്തിയ വൈദികന്‍

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 17

തെക്കന്‍ പോളണ്ടിലെ കാമിയന്‍ സ്ലാസ്‌കിയില്‍ 1183 ലാണ് ഹയസിന്തിന്റെ ജനനം. പാരീസിലും ബോലോക്‌നയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പോളണ്ടില്‍ തിരിച്ചെത്തിയ ഹയസിന്ത് വൈദിക പഠനം പൂര്‍ത്തിയാക്കി.

നിയമത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ക്രാക്കോവിലെ കത്തിഡ്രലില്‍ വൈദികനായി. 1220 ല്‍ ക്രാക്കോവ് ബിഷപ്പ് ഐവോ ഒഡ്രോവാസിനൊപ്പം റോമിലെത്തിയ ഫാ.ഹയസിന്ത് വിശുദ്ധ ഡൊമിനിക്കിനെ പരിചയപ്പെടുകയും ഡൊമിനിക്കന്‍ സഭയില്‍ ചേരുകയും ചെയ്തു.

പിന്നീട് ഫാ.ഹയസിന്തിന്റെ നേതൃത്വത്തില്‍ ഒരു പറ്റം മിഷണറിമാരെ വിശുദ്ധ ഡൊമിനിക്ക് പോളണ്ടിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഡൊമിനിക്കന്‍ സഭ പോളണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ക്രാക്കോവായിരുന്നു സഭയുടെ കേന്ദ്ര ആസ്ഥാനം.

ഹയസിന്തിന്റെയും സഹ മിഷണറിമാരുടെയും പ്രവര്‍ത്തനഫലമായി പോളണ്ടിലെങ്ങും ഡൊമിനിക്കന്‍ സഭയും അതുവഴി കത്തോലിക്കാ വിശ്വാസവും കൂടുതല്‍ ശക്തി പ്രാപിച്ചു. പോമെരാനിയ, ലിത്തുവാനിയ, നോര്‍വേ, ഡന്മാര്‍ക്ക്, സ്വീഡന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു.

പിന്നീട് 1243 ല്‍ എഴുപത്തിരണ്ടാമത്തെ വയസില്‍ അദ്ദേഹം ക്രാക്കോവില്‍ താന്‍ പണിത കേന്ദ്ര ആശ്രമത്തിലെത്തി. 1257 ഓഗസ്റ്റ് 15 ന് അവിടെ വച്ചാണ് അദ്ദേഹം നിത്യതയിലേക്ക് പ്രവേശിച്ചത്. 1594 ല്‍ ക്ലമന്റ് എട്ടാമന്‍ മാര്‍പ്പാപ്പ ഹയസിന്തിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ജര്‍മ്മനിയില്‍ സുവിശേഷം പ്രഘോഷിച്ച അമോര്‍

2. ടെര്‍ണി ബിഷപ്പായിരുന്ന അനസ്റ്റാസിയൂസ്

3. ബെനെദിക്തായും സെസീലിയായും

4. പെറ്റീനായിലെ ഡോണാത്തൂസ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26