വയനാട്: നീറ്റ് പരീക്ഷയിലെ റാങ്കുകാരിയായ ആമിനയെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ച് അഭിനന്ദിച്ചപ്പോൾ സഫലമായത് ആമിനയുടെ വലിയൊരാഗ്രഹം. സ്വന്തം മണ്ഡലമായ വയനാട്ടിൽ 3 ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ആമിനയെ കൽപ്പറ്റ റസ്റ്റ് ഹൗസിൽവെച്ചാണ് കണ്ടത്.
ഇടതുകൈ പാതിമാത്രം ഉള്ള ആമിന പരിശീലന ക്ലാസ്സിനു പോലും പോകാതെ ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 1916 റാങ്ക് നേടി. നീറ്റ് പരീക്ഷയിലെ റാങ്കുകാരിയോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധിയെ കാണണം എന്നായിരുന്നു മറുപടി. ആമിനയുടെ ആഗ്രഹം അറിഞ്ഞ കെസി വേണുഗോപാല്‍ എംപിയാണ് ആ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്. കൊല്ലത്ത് നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷിനൊപ്പമാണ് ആമിന രാഹുലിനെ കാണാൻ വയനാട്ടിലെത്തിയത്.
ആമിനയുടെ തുടർ പഠനത്തിനുള്ള എല്ലാ സഹായവും ഉറപ്പു നൽകിയ രാഹുൽ ശാരീരിക പരിമിതി ഉള്ളവരെ കൂടി പരിഗണിക്കുന്ന രീതിയിൽ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആരോഗ്യ സേവന രംഗത്ത് ആമിനയെപോലുള്ളവർ ഡോക്ടർമാരായി എത്തുന്നത് സ്വാഗതം ചെയ്യണമെന്നും രാഹുൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രചോദനം നിറഞ്ഞ വാക്കുകൾ ഈ കൊച്ചു മിടുക്കിയെ ഇനിയും ദൂരങ്ങൾ താണ്ടാൻ പ്രാപ്തയാക്കുമെന്നുറപ്പുണ്ടെന്ന് കൂടിക്കാഴ്ചക്ക് കളമൊരുക്കിയ കെസി വേണുഗോപാൽ എംപിയും കുറിച്ചു.
ആമിനയുടെ പിതാവ് പ്രവാസിയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലാണ് ഇപ്പോൾ. അതോടെ കുടുംബം നോക്കാനായി ഉമ്മ ജാസ്മിൻ പ്രവാസിയായി. ഉപ്പയ്ക്ക് ഭക്ഷണം നൽകുന്നതും, പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ സഹായിക്കുന്നതും, വേദനകൊണ്ട് പുളയുന്ന സമയത്ത് ആശ്വാസവുമായി കൂട്ടിരിക്കുന്നതും ആമിനയാണ്. ഇതിനിടയിലുള്ള സമയത്ത് പഠിച്ചാണ് ശാരീരിക പരിമിതിയുള്ള ഈ കുട്ടി ഉന്നത വിജയം നേടിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.