അഫ്ഗാനില്‍ മതരാഷ്ട്രവാദം സർവ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുന്നു: കെ.സുധാകരന്‍

അഫ്ഗാനില്‍ മതരാഷ്ട്രവാദം സർവ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുന്നു: കെ.സുധാകരന്‍

തിരുവനന്തപുരം: താലിബാന്റെ പ്രവർത്തനങ്ങൾക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശ ലംഘനങ്ങൾ കാറ്റിൽ പറത്തി താലിബാൻ പോലെയൊരു തീവ്രവാദ സംഘടനയ്ക്ക് ഭരണം പിടിച്ചെടുക്കാൻ കഴിയും എന്നത് നടുക്കത്തോടെയല്ലാതെ നോക്കിയിരിക്കാനാവില്ലെന്ന് കെ.സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ജനാധിപത്യവും മാനവികതയും വീണ്ടും പരാജയപ്പെടുകയാണ്. ഇരുൾ മറനീക്കി ജനാധിപത്യ വിശുദ്ധിയുടെ ഒരു പുതിയ സൂര്യൻ ആ ജനതയ്ക്ക് മുകളിൽ വീണ്ടും പ്രകാശിക്കുന്ന നാൾ വരുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

''ജനാഭിലാഷം ചാരത്തിൽ നിന്നും ഉയിർത്തെഴുനേൽക്കാൻ കഴിയുന്ന ഫീനിക്സ് പക്ഷിയാണ് എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. സാമ്രാജ്യത്വ ശക്തികൾ പതിറ്റാണ്ടുകളായി നടത്തിയ അധിനിവേശമാണ് അഫ്ഗാനിലെ താലിബാൻ തീവ്രവാദികൾക്ക് വളം ആയി മാറിയത്. മതത്തെയും സ്റ്റേറ്റിനെയും വേർതിരിച്ച ഏറ്റവും ഉദാത്തമായ ജനാധിപത്യ ബോധത്തിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ് താലിബാന്റെ മത രാഷ്ട്ര വാദം.

മതരാഷ്ട്രം അതിന്റെ സർവ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുമ്പോൾ ഒരു സമൂഹത്തിന് എന്ത് സംഭവിക്കും എന്നതിനുള്ള നേർ തെളിവുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ഭീതിദമായ ചിത്രങ്ങൾ.

മത തീവ്രവാദികളുടെ ഭരണത്തിൽ പെൺകുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയം നുറുങ്ങും. അവരുടെ സുരക്ഷയ്ക്കായെങ്കിലും ലോകം ഒരുമിക്കുമെന്നും താലിബാൻ തീവ്രവാദികൾ എന്നെന്നേയ്ക്കുമായി തുരത്തപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ മത-വർഗ്ഗീയ-ഭീകര ശക്തികളെ ഭാരതത്തിന്റെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാനുള്ള പോരാട്ടം നമുക്ക് തുടങ്ങി വെയ്ക്കാമെന്നും'' അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

https://m.facebook.com/ksudhakaraninc/photos/a.560739660674964/4275350032547223/?type=3



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.