ഒട്ടാവ: ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ന്യൂസിലന്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചു. ഓക്‌ലന്‍ഡിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ അര്‍ധരാത്രി മുതല്‍ മൂന്നു ദിവസത്തേക്ക് രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഓക്ലന്‍ഡിലും കൊറമാന്‍ഡലിലും ഏഴു ദിവസമായിരിക്കും ലോക്ഡൗണ്‍. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തെ പോലും വിജയകരമായി പ്രതിരോധിച്ച രാജ്യത്ത് പുതിയ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 
ഡെവണ്‍പോര്‍ട്ട് സ്വദേശിയായ 58-കാരനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 12 മുതല്‍ രോഗബാധയുണ്ടായിരുന്നു. ഇദ്ദേഹം കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. രോഗബാധിതനായ ശേഷം ഇദ്ദേഹവും ഭാര്യയും കോറോമാണ്ടലിലേക്കു യാത്ര ചെയ്തിരുന്നു. അതേസമയം, ഭാര്യ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസിന് രാജ്യത്തിന്റെ അതിര്‍ത്തിയുമായി ബന്ധമില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാഥമിക നിഗമനം. കോവിഡിന്റെ ഏതു വകഭേദമാണെന്ന പരിശോധ നടത്തും. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റയാണെന്നാണ് കരുതുന്നത്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂസിലന്‍ഡിന്റെ അതിര്‍ത്തിയില്‍ കണ്ടെത്തിയ 100% കോവിഡ്  കേസുകളും ഡെല്‍റ്റയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 23 സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓക്ലന്‍ഡില്‍ പത്തും കൊറമാന്‍ഡലില്‍ പതിമൂന്നും സ്ഥലങ്ങളില്‍ രോഗിക്ക് സമ്പര്‍ക്കമുണ്ടായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ദമ്പതികള്‍ സന്ദര്‍ശിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനും ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി തുടരാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കുക, കൈ കഴുകുക, സാനിറ്റൈസര്‍ പുരട്ടുക, സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ സഹായിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് തുടരുക തുടങ്ങിയ നിര്‍ദേശങ്ങളാണു നല്‍കിയത്. അസുഖമുള്ളവര്‍ വീട്ടില്‍ തന്നെ തുടരണമെന്നും നിര്‍ദേശിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.