കാബൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ബുര്‍ഖ ധരിച്ച് സിഎന്‍എന്‍ ലേഖിക; മാറി നില്‍ക്കെന്ന് താലിബാന്‍ ഭീകരര്‍

കാബൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ബുര്‍ഖ ധരിച്ച് സിഎന്‍എന്‍ ലേഖിക;  മാറി നില്‍ക്കെന്ന് താലിബാന്‍ ഭീകരര്‍

കാബൂള്‍: സിഎന്‍എന്‍ ചാനലിന്റെ ലേഖിക ക്ലാരിസ വാര്‍ഡ് കാബൂളില്‍നിന്ന് തിങ്കളാഴ്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബുര്‍ഖ ധരിച്ച്. ഞായറാഴ്ചയായിരുന്നു അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്റെ നിയന്ത്രണത്തിലായത്.

ഇരുപത്തിനാല് മണിക്കൂറിനിടെ നഗരത്തിലെ പതിവ് രീതികള്‍ മാറി മറിഞ്ഞതിനെക്കുറിച്ച് 'ന്യൂ ഡേ'യിലൂടെ വാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 'ഞാന്‍ ഒരിക്കലും കാണില്ലെന്ന് ആത്മാര്‍ഥമായി വിചാരിച്ച കാഴ്ചയാണിത്. യു.എസ് നയതന്ത്ര കാര്യാലയത്തിന്റെ വളപ്പില്‍ ഞങ്ങള്‍ക്ക് പിന്നിലായി ഒരൂകൂട്ടം താലിബാന്‍ പോരാളികള്‍ നില്‍പ്പുണ്ട്.' - വാര്‍ഡ് പറഞ്ഞു.

സാഹചര്യം എത്രത്തോളം മാറിയെന്ന് വിശദീകരിക്കാന്‍ 'ന്യൂ ഡേ' അവതാരകരായ ജോന്‍ ബെര്‍മനും ബ്രിയന്ന കീലറും തുടര്‍ന്ന് ആവശ്യപ്പെട്ടു. തെരുവുകളില്‍ താലിബാന്‍ അംഗങ്ങളെ ആദ്യമായി കണ്ടുവെന്ന് അവര്‍ പറഞ്ഞു. അവരില്‍ കൂടുതലും പുരുഷന്മാരായിരുന്നുവെന്നും ക്ലാരിസ വാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

'ഞാന്‍ കുറച്ചു സ്ത്രീകളെ കണ്ടു. സാധാരണ കാബൂളിലെ തെരുവുകളില്‍ നടക്കുമ്പോള്‍ കാണുന്ന സ്ത്രീകളേക്കാള്‍ കുറവായിരുന്നു ഞാന്‍ കണ്ടത്. കാബൂളിലെ തെരുവുകളിലൂടെ പരമ്പരാഗത വസ്ത്രം ധരിച്ച് ഇന്നലെ നടന്ന സ്ത്രീകളേക്കാള്‍ കൂടുതല്‍ പേരെ നിങ്ങള്‍ കാണുന്നു. ഞാന്‍ കണ്ടിട്ടുള്ളതിലും കൂടുതല്‍ ബുര്‍ഖകള്‍ കാണുന്നു. കാബൂളിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ പതിവുള്ളതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് എന്റെ വസ്ത്ര ധാരണം'- വാര്‍ഡ് തുടര്‍ന്നു.

താന്‍ സംസാരിച്ച താലിബാന്‍ ഭീകരര്‍ക്ക് അവരുടെ സാന്നിധ്യം അസ്വസ്ഥത പെടുത്താന്‍ തുടങ്ങിയത് റിപ്പോര്‍ട്ടിംഗിനിടെ ക്ലാരിസ വാര്‍ഡ് ശ്രദ്ധിച്ചു. സ്ത്രീയായതുകൊണ്ട് മാറി നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും വാര്‍ഡ് തുടര്‍ന്ന് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.