കാബൂള്‍:പരമാവധി 134 പേര്‍ക്കു കയറാവുന്ന വിമാനത്തില്‍ 800 പേരെ കയറ്റി വിട്ട് സുരക്ഷിതമായി ഖത്തറിലെ അല്‍ ഉദയ്ദ് വ്യോമ താവളത്തിലെത്തിച്ചതിന്റെ റെക്കോര്‍ഡ് അഫ്ഗാന്‍ തലസ്ഥാനത്തെ വിമാനത്താവള സംരക്ഷണ ചുമതലയുള്ള യു.എസ് വ്യോമസേനയ്ക്കു സ്വന്തം.താലിബാന്‍ ആക്രമണത്തെത്തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സി -17 ചരക്ക് വിമാനം ഖത്തറിലേക്ക് ഈ സാഹസിക യാത്ര നടത്തിയത്.
വിമാനം നിര്‍മ്മിച്ച ബോയിംഗ് പറയുന്നതനുസരിച്ച്, ഒരു സി -17 ന് 8 പാലറ്റുകളില്‍ 80 ഉം സൈഡ്വാള്‍ സീറ്റുകളില്‍ 54 ഉം ആയി 134 യാത്രക്കാരെ കൊണ്ടുപോകാനുള്ള ശേഷിയേയുള്ളൂ.അതേസമയം, ചരക്ക് അധികം ഇല്ലാതിരുന്നതിനാല്‍ കൂറേപ്പേരെക്കൂടി അനുവദിക്കാനാകുമായിരുന്നെങ്കിലും എങ്ങനെ 800 പേരെ കൊണ്ടുപോയി എന്ന ചോദ്യം യുദ്ധ സാഹചര്യത്തില്‍ അത്ര പ്രസക്തമാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി വിമാനത്തിന്റെ വരവറിഞ്ഞുള്ള ഖത്തര്‍ വ്യോമസേനാ താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോളറുടെ ഭ്രാന്തമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഓഡിയോ ക്ലിപ്പ്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങള്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അനിശ്ചിതാവസ്ഥയ്ക്കും തിരക്കിനും ഇടയിലാണ് നൂറുകണക്കിനാളുകള്‍ വിമാനത്തില്‍ ഇടം പിടിച്ചത്. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമായിരുന്നു വിമാന അധികൃതര്‍ കൈക്കൊണ്ടത്. അങ്ങനെയാണ് യുഎസ് വ്യോമസേനാ വിമാനം കാബൂളില്‍ നിന്ന് 800 ആളുകളുമായി പറന്നുയര്‍ന്നത്. എത്രപേര്‍ വിമാനത്തിലുണ്ടെന്ന് ചോദിച്ച ഖത്തറിലെ സൈനിക ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്നുള്ള മറുപടി കേട്ട് ഞെട്ടി. പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട് സി 17എ ഗ്ലോബ്മാസ്റ്റര്‍ ചരക്കു വിമാനത്തിന്. മുമ്പ് ഫിലിപ്പിന്‍സിലെ പ്രകൃതിദുരന്ത സമയത്ത് പരമാവധി 670 പേരെ വരെ സി17എ വിമാനത്തില്‍ കയറ്റിയിട്ടുണ്ടെന്ന് ന്യൂസ് ഹബ്ബ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂര്‍ണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ കാബൂളില്‍ കുടുങ്ങി. താലിബാന്‍ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ മരണവുമുണ്ടായി. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.