പടിവാതിൽക്കൽ 'അവനുണ്ട്

പടിവാതിൽക്കൽ 'അവനുണ്ട്

ഇടവക പള്ളിയിലെ തിരുനാൾ കുർബാന. വചനപ്രഘോഷണ സമയത്ത് പരിശുദ്ധാത്മ പ്രചോദനത്താലാണ്  ഞാനങ്ങനെ പറഞ്ഞത്: "കഴിഞ്ഞ വർഷം തിരുനാളിന് ഉണ്ടായിരുന്നവരിൽ പലരും ഇന്നീ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നില്ല. പല കാരണങ്ങളാൽ വരാൻ കഴിയാത്തവരും മരണപ്പെട്ടവരും അലസത പിടിച്ച് വീട്ടിലിരിക്കുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇന്ന് നമ്മെ ഒരുമിച്ച് കൂട്ടിയ ദൈവത്തിന് നമുക്ക് നന്ദി പറയാം. അടുത്ത വർഷത്തെ തിരുനാളിനും നമ്മിൽ ആരെല്ലാം ഉണ്ടാകുമെന്ന് പറയാനാകില്ലല്ലോ?...." കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എന്നെക്കാത്ത് ഒരാൾ വാതിൽക്കൽ നിൽപുണ്ടായിരുന്നു; എൻ്റെ സഹപാഠി വാസുപുരത്തുകാരൻ സാനി. "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്നു പറഞ്ഞ് പുഞ്ചിരിയോടെ അവൻ അടുത്തുവന്നു: "അടുത്ത വർഷം നമ്മിൽ ആരെല്ലാം ഉണ്ടാകുമെന്നറിയില്ല എന്ന അച്ചൻ്റെ വാക്കുകൾ എൻ്റെ ഹൃദയത്തെ തൊട്ടു. അത് എന്നെക്കുറിച്ച് പറഞ്ഞതുപോലെ...പളളിയിൽ ഇരുന്ന് എൻ്റെ ആയുസിനെയോർത്ത് കർത്താവിന് ഞാൻ നന്ദി പറഞ്ഞു. അച്ചനറിയാലോ എനിക്ക് ക്യാൻസറാണ്. ഇനിയെത്ര നാൾ എന്ന് കർത്താവിന് മാത്രമേ അറിയൂ..."ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മകൾ ഓടി വന്നു. മകളോട് സാനി പറഞ്ഞു: "മോളേ ഈ അച്ചനും ഞാനും ഒരുമിച്ച് പഠിച്ചവരാ......" പെട്ടന്ന് ഭക്തിയോടെ കരങ്ങൾകൂപ്പി അവൾ സ്തുതി ചൊല്ലി. സാനിയുടെ തോളിൽ തട്ടി ഞാൻ പറഞ്ഞു: ''കുഴപ്പമൊന്നുമുണ്ടാകില്ലെടാ... ഞാൻ പ്രാർത്ഥിക്കാം. നീ ധൈര്യമായിരിക്ക്." ഏതാനും മാസങ്ങൾക്കു ശേഷം ഇടവകയിലെ വാട്സപ്പ് ഗ്രൂപ്പിൽ ഞാനവൻ്റെ ചിത്രം കണ്ടു. ചിത്രത്തിന്നിടയിൽ മരണ വാർത്തയും! ഒരു നിമിഷം ഞാൻ മിഴികൾ പൂട്ടി. "അടുത്ത വർഷം ഞാനുണ്ടാകില്ല" എന്ന വാക്കുകൾ ഞാനോർത്തു. മൗനമായ് അവനുവേണ്ടി പ്രാർത്ഥിച്ചു. "മനുഷ്യ ജീവിതം പുൽകൊടിക്ക് തുല്യമാണ്. വയലിലെ പൂ പോലെ അത് വിരിയുന്നു. എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല" (സങ്കീര്‍ത്തനങ്ങള്‍ 103 : 15-16) എന്ന വചനം ഓർക്കുന്നത് ഉചിതമാണ്. ജീവിത നേട്ടങ്ങളെക്കുറിച്ച് അഹങ്കരിച്ചവരും മറ്റുള്ളവർക്ക് ദാനം ചെയ്യാതെ ആവുന്നത്ര സമ്പത്ത് സ്വന്തമാക്കിയവരും ഇഹത്തിലെ സന്തോഷമാണ് സർവ്വസ്വവും എന്ന് കരുതിയവരിൽ പലരും അപ്രതീക്ഷിതമായ സമയത്ത് നമ്മിൽ നിന്നും വേർപെട്ടു പോയി. ആയുസ് എത്രയോ പരിമിതമാണ്. ഇനിയും ജീവിക്കുമെന്ന് നമ്മൾ കരുതുമ്പോഴും എത്ര നാൾ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. നവദമ്പതികളിലെ വരൻ്റെ മരണവാർത്ത ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്നത് നാം മറക്കുമോ? ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഒരു മയിൽ പറന്നു വന്ന് ദേഹത്തിടിച്ച് സംഭവിച്ച അപകടമാണ് മരണകാരണം. "അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌" (മത്തായി 24 : 44) എന്ന ക്രിസ്തുവിൻ്റെ വാക്കുകളെ കുറച്ചു കൂടെ ഗൗരവത്തിൽ എടുത്ത് നന്മ ചെയ്യാനും നല്ലത് ചിന്തിക്കാനും ശ്രമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26