മോഹക്കുരുക്കിലേക്ക് ചൈന:'അഫ്ഗാനില്‍ കൈപൊള്ളിയ അമേരിക്ക തായ്‌വാനില്‍ ഇടപെടില്ല'

മോഹക്കുരുക്കിലേക്ക് ചൈന:'അഫ്ഗാനില്‍ കൈപൊള്ളിയ അമേരിക്ക തായ്‌വാനില്‍ ഇടപെടില്ല'

ഹോങ്കോങ്ങ്: തായ്‌വാനെ തങ്ങളുടെ കാല്‍ക്കീഴില്‍ നിര്‍ത്താനുള്ള ചൈനയുടെ ശാഠ്യത്തിന് ബലമേകുന്നതാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റമെന്ന് മാധ്യമങ്ങളുടെ നിരീക്ഷണം. തായ്‌വാനിലെ വിഘടനവാദത്തെ അനുകൂലിക്കാനും പിന്തുണയ്ക്കാനും ഇനി അമേരിക്ക തയ്യാറാകില്ലെന്നതു തന്നെ കാരണം.ഏഷ്യയിലെ അടുത്ത സംഘര്‍ഷ മേഖലയായാണ് തായ്‌വാനെ ചൈന കാണുന്നത്.

ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കം ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന രണ്ട് എതിരാളികളായ മഹാശക്തികളെ യുദ്ധത്തിലേക്ക് വലിച്ചിടുമോയെന്ന ആശങ്ക വളരെക്കാലമായി നിരീക്ഷകര്‍ ഉര്‍ത്തിയിരുന്നു.ഇതിനിടെ ചൈനീസ് സൈന്യം യുദ്ധക്കപ്പലുകളും അന്തര്‍വാഹിനി വിരുദ്ധ ഹെലിക്കോപ്റ്ററുകളും യുദ്ധവിമാനങ്ങളും തായ്‌വാന്റെ തെക്ക് ഭാഗങ്ങളിലേക്ക് അയച്ചു. പരിശീലനത്തിനാണിതെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അമേരിക്കന്‍ ശക്തിയുടെ 'പൊതുവായ തകര്‍ച്ച'യിലൂന്നിയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ചൈന വിലയിരുത്തുന്നത്.'തായ്‌വാനെതിരായ സായുധ നീക്കങ്ങളില്‍ യുഎസ് ഇടപെട്ടാല്‍, അതിന് വിജയസാധ്യത കുറവാണ്. കൂടാതെ ആ വഴിയുള്ള സാമ്പത്തിക ബാധ്യത അവര്‍ക്കു താങ്ങാനാകാതെ വരും'- ചൈനയുടെ സ്റ്റേറ്റ് മീഡിയ കമന്റേറ്റര്‍മാരിലൊരാളായ ഹു സിജിന്‍ ഒരു വീഡിയോയില്‍ പറഞ്ഞു.തായ്‌വാനെ 'വിഘടനവാദികള്‍' എന്ന് ആക്ഷേപിച്ചു കൊണ്ടാണ് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ അവിടത്തെ ഭാവി സംഘര്‍ഷവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനം നടത്തിയത്. 'തായ്‌വാനില്‍ എത്ര അമേരിക്കന്‍ സൈനികരുടെ ജീവിതം ഹോമിക്കാനാകുമെന്നും എത്ര ട്രില്യണ്‍ ഡോളര്‍ ചെലവഴിക്കാനാകുമെന്നും ചിന്തിക്കുക,'- ഗ്ലോബല്‍ ടൈംസ് ഒരു എഡിറ്റോറിയലില്‍ എഴുതി.

തായ്‌വാനിലെ ഭൂരിഭാഗം പേരും തങ്ങളുടെ ജന്മനാട് ഒരു പ്രത്യേക രാഷ്ട്രമാണെന്ന് വിശ്വസിക്കുമ്പോള്‍, ബീജിംഗ് ഈ ദ്വീപിനെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യയായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. അതേസമയം, 40 വര്‍ഷം പഴക്കമുള്ള ഒരു യുഎസ് നിയമ പ്രകാരം തായ്‌വാന് അമേരിക്ക രാഷ്ട്രീയവും സൈനികവുമായ പിന്തുണ നല്‍കി വരുന്നുണ്ട്.പക്ഷേ, പതിറ്റാണ്ടുകളായി തായ്‌വാന് ആയുധം നല്‍കുന്നുണ്ടെങ്കിലും, ചൈനയുടെ ആധിപത്യ നീക്കത്തില്‍ നിന്ന് തായ്‌വാനെ പ്രതിരോധിക്കാന്‍ നേരിട്ട് ഇടപെടാനാകുമോ എന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് തന്ത്രപരമായ വ്യക്തതയില്ല.

അതേസമയം, തായ്‌വാന്‍ അഫ്ഗാനിസ്ഥാനല്ലെന്ന് ബീജിംഗ് നേതാക്കള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു - താംകാംഗ് സര്‍വകലാശാലയിലെ മുന്‍ തായ്‌വാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ ഹുവാങ് പറഞ്ഞു. അമേരിക്കയ്ക്ക് തായ്‌വാനോട് എത്രമാത്രം പ്രതിബദ്ധതയുണ്ടെന്ന ചോദ്യമുയര്‍ത്തുന്നതാണ്് അഫ്ഗാനില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റമെന്ന് അദ്ദേഹം എബിസി ന്യൂസിനോട് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അഫ്ഗാനിസ്ഥാനുമായുള്ള ചൈനീസ് മാധ്യമങ്ങളുടെ താരതമ്യങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.