അഫ്ഗാനിലൂടെ അല്‍ഖായിദ തിരിച്ചെത്തും; താലിബാന്റെ കൈയില്‍ ആണവായുധം എത്താനും സാധ്യത: ബ്രിട്ടന്‍

അഫ്ഗാനിലൂടെ അല്‍ഖായിദ തിരിച്ചെത്തും; താലിബാന്റെ കൈയില്‍ ആണവായുധം എത്താനും സാധ്യത: ബ്രിട്ടന്‍

ലണ്ടന്‍: താലിബാനു കീഴടങ്ങിയ അഫ്ഗാന്‍ പ്രദേശങ്ങളില്‍ തീവ്ര ഭീകരസംഘടനയായ അല്‍ഖായിദയ്ക്ക് പുനരുജ്ജീവനമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസിന്റെ നിഗമനത്തെ ശരിവയ്ക്കുന്നു പല അന്താരാഷ്ട്ര നിരീക്ഷകരും. അഫ്ഗാനിസ്ഥാന്‍ പോലുള്ള അസ്ഥിര രാഷ്ട്രങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രജനന കേന്ദ്രങ്ങളാണെന്നതില്‍ തനിക്ക് തികച്ചും ആശങ്കയുണ്ടെന്ന് 'സ്‌കൈ ന്യൂസി'നോട് ബെന്‍ വാലസ് പറഞ്ഞിരുന്നു.

'അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്‍ വാങ്ങാന്‍ ഇത് ശരിയായ സമയമല്ലെന്ന് എനിക്ക് തോന്നിയത്'- വാലസ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ തനിക്ക് അമര്‍ഷമുണ്ട്. അഫ്ഗാനിസ്ഥാനിലെ ദുര്‍ബല മേഖലകള്‍ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വാലസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.താലിബാന് ഇപ്പോഴത്തെ ആക്കം നിലനിര്‍ത്താനാകണമെന്നില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെയും അല്‍ഖായിദയുടെയും രണ്ടാം വരവിന് അഫ്ഗാന്‍ വിളനിലമൊരുക്കുമോ എന്ന ആശങ്കയാണ് താലിബാന്റെ കടന്നു കയറ്റത്തിനു പിന്നാലെ ബ്രിട്ടനെപ്പോലെ പല രാജ്യങ്ങള്‍ക്കുമുള്ളത്. 2020ല്‍ ദോഹയില്‍ താലിബാനുമായി യുഎസ് ഒപ്പിട്ട കരാറിനെപ്പോലും 'ദുഷിച്ച ഇടപാട്' എന്ന് ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് വിശേഷിപ്പിക്കാന്‍ കാരണവും ഇതാണ്. യുഎസ് സേന പിന്മാറിയാല്‍ അതു താലിബാന്റെ തിരിച്ചുവരവിനു മാത്രമേ ഉപകാരപ്പെടൂ എന്നു വാലസ് നേരത്തേ പല തവണ പറഞ്ഞിരുന്നു.

അതേസമയം, റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കാനിടയുണ്ടെന്ന് ബ്രിട്ടന്റെ മുന്‍ സൈനിക കമാന്‍ഡര്‍ കേണല്‍ റിച്ചഡ് കെംപ്റ്റ് പറഞ്ഞു. യുഎസ് പെട്ടെന്നു പിന്‍വാങ്ങല്‍ പ്രഖ്യാപിച്ച് മടങ്ങിയതാണ് ഇതിനു കാരണം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് വിപരീത ഫലം സൃഷ്ടിക്കും. രാജ്യാന്തര ഭീകരര്‍ക്ക് ഒരു സുരക്ഷിത ഹബ്ബായി താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാന്‍ മാറാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.താലിബാന് ആണവായുധം കിട്ടാനുള്ള സാധ്യതയും കെംപ്റ്റ് മുന്‍കൂട്ടി കാണുന്നുണ്ട്.



അഫ്ഗാന്‍ സൈന്യത്തിന് സ്വന്തം രാജ്യത്തെ രക്ഷിച്ച് നിലനിര്‍ത്താനുള്ള അവസരമാണ് യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിലൂടെ സാധ്യമാക്കിയതെന്നായിരുന്നു നേരത്തേ ബൈഡന്‍ പറഞ്ഞത്. അമേരിക്ക അഫ്ഗാനില്‍ തുടര്‍ന്നാല്‍ അതു സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടന്റെ നിലപാട് ബൈഡനു വിപരീതമാണ്. റഷ്യയും ചൈനയും അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും കളിയാക്കുന്നതിനു ബലം പകരുന്നതാണ് അഫ്ഗാനില്‍ സംഭവിച്ച സൈനിക പിന്മാറ്റമെന്നും ബ്രിട്ടന്‍ പറയുന്നു. ഈ പിന്മാറ്റം പാശ്ചാത്യരാജ്യങ്ങളുടെ വിലയിടിക്കുമെന്നും ഭീകരരുടെ വളര്‍ച്ചയ്ക്കു വഴി തെളിക്കുമെന്നുമാണ് ബ്രിട്ടന്റെ നിരീക്ഷണം.പാശ്ചാത്യരാജ്യങ്ങള്‍ക്കു തികച്ചും നാണക്കേടുണ്ടാക്കുന്ന നീക്കമെന്നാണ് മുന്‍ ബ്രിട്ടിഷ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാര്‍ക്ക് സെഡ്വില്‍ പറഞ്ഞത്.

അഫ്ഗാനിലെ യുദ്ധം കാരണം ഇതുവരെ മരിച്ചത് 2.41 ലക്ഷം പേരാണെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ 'കോസ്റ്റ് ഓഫ് വാര്‍' പ്രോജക്ട് പറയുന്നു. ഏകദേശം 2.26 ലക്ഷം കോടി ഡോളറാണ് ഇതുവഴി യുഎസിനു മാത്രം നഷ്ടം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ താലിബാനെതിരെ യുഎസ് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം മുന്നോട്ടു വന്ന ലോക നേതാക്കളില്‍ ഒരാളായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ആ സഖ്യം ഇതുവരെ വിജയം കണ്ടിരുന്നു. ഇതിനു വേണ്ടിയാണോ ഇത്രയും കാലം യുഎസിനു വേണ്ടി അധ്വാനിച്ചതെന്ന് ചില ബ്രിട്ടിഷ് സൈനികരും ചോദിക്കുന്നു.

ഇതിനിടെ, ബ്രിട്ടന്റെ മുന്‍ സൈനിക കമാന്‍ഡര്‍ കേണല്‍ റിച്ചഡ് കെംപ്റ്റ് താലിബാന്റെ തിരിച്ചുവരവില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി രംഗത്തു വന്നു.അതോടൊപ്പം, താലിബാന് ആണവായുധം കിട്ടാവുന്നതിനെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും യുഎസ് സഖ്യസേനയുടെ ഭാഗമായിരുന്ന ബ്രിട്ടിഷ് സൈന്യത്തെ നയിച്ചയാളാണ് കെംപ്റ്റ്.പാക്കിസ്ഥാനു കീഴിലുള്ള ആണവശേഖരത്തിലേക്കു താലിബാന്‍ കൈകടത്താനുള്ള ഭീതിദമായ സാധ്യതയുള്ളതിനാല്‍ ഇതേ താലിബാന്‍ തന്നെ പാക്കിസ്ഥാനു തലവേദനായാകാനുമിടയുണ്ടെന്ന് അദ്ദേഹം പറയുന്നു.പാക്കിസ്ഥാന്‍ സര്‍ക്കാരും ഇന്റലിജന്‍സ് വൃത്തങ്ങളും പാക്കിസ്ഥാനിലുള്ള വിവിധ ഭീകര ഗ്രൂപ്പുകളും പാക്ക് താലിബാനുമായി അഫ്ഗാന്‍ താലിബാനുള്ള ബന്ധം ദുരുപയോഗപ്പെടുത്തി ആണവായുധങ്ങള്‍ താലിബാന്‍ കരങ്ങളില്‍ എത്തുന്നതിനുള്ള വിദൂരസാധ്യതയുണ്ട്. മിസൈലുകളിലും മറ്റു പോര്‍മുനയാക്കി താലിബാന് ആണവ ആക്രമണം നടത്താനുള്ള ശക്തിയൊന്നുമില്ല. എന്നാല്‍ ആണവശേഷി ലഭിക്കുന്നത് താലിബാനെ ശക്തരും തീര്‍ത്തും അപകടകാരികളുമാക്കി മാറ്റും.

താലിബാനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലും ആയുധങ്ങള്‍ നല്‍കുന്നതിലും ഇറാന്‍ പങ്കുവഹിച്ചു. യുഎസ്, ബ്രിട്ടിഷ് സൈന്യത്തോടുള്ള വിരോധമാണ് ഇതിനു കാരണം. ചൈന വിമത നേതാക്കന്‍മാരെ ഉന്മൂലനം ചെയ്യാനായി താലിബാന് സാമ്പത്തിക, ആയുധ സഹായങ്ങള്‍ നല്‍കി. അഫ്ഗാനിസ്ഥാന്റെ പ്രകൃതിവിഭവങ്ങളും ധാതുസമ്പത്തും പിടിച്ചടക്കി ചൂഷണം ചെയ്യാനുള്ള സ്ഥാപിത താല്‍പര്യമാണ് ചൈനയ്ക്ക്. ഇന്ത്യയ്ക്കു മാത്രമാണ് മേഖലയിലെ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ സൃഷ്ടിപരവും ഗുണപരവുമായ ഒരു റോള്‍ വഹിക്കാവുന്നത്. എന്നാല്‍ പാക്ക്-ചൈന കൂട്ടുകെട്ട് ഇന്ത്യയെ അകറ്റി നിര്‍ത്താനാണു നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'എന്റെ രണ്ടു കാലുകളും ഞാന്‍ നഷ്ടപ്പെടുത്തി. ഇതിനാണോ എന്റെ സഹപ്രവര്‍ത്തകര്‍ അഫ്ഗാനില്‍ മരിച്ചു വീണത്..?' മുന്‍ ബ്രിട്ടിഷ് സൈനികനായ ജാക്ക് കമ്മിങ്‌സിന്റെ ചോദ്യം. അഫ്ഗാനില്‍ സ്‌ഫോടകവസ്തുക്കളുടെ പരിശോധന നടത്തുന്നതിനിടെ 2010 ഓഗസ്റ്റിലാണ് ജാക്കിന്റെ രണ്ടു കാലുകളും പൊട്ടിത്തെറിയില്‍ തകര്‍ന്നത്. അഫ്ഗാനിലെ ഏറ്റവും അപകടകരമായ തെക്കന്‍ പ്രവിശ്യയില്‍ യുഎസിനൊപ്പം പോരാട്ടത്തിനു കടന്നുചെല്ലാന്‍ തയാറായ ഏക സഖ്യകക്ഷി ബ്രിട്ടനായിരുന്നു. 2001 മുതല്‍ അഫ്ഗാനില്‍ പോരാടി മരിച്ച ആകെ വിദേശ സൈനികരില്‍ 13 ശതമാനവും ബ്രിട്ടനില്‍നിന്നായിരുന്നു - 457 പേര്‍. ആകെ 3500 വിദേശ സൈനികര്‍ അഫ്ഗാനില്‍ മരിച്ചു. പരിക്കേറ്റു ജീവിതം താറുമാറായവര്‍ ആയിരക്കണക്കിനു വരും.

ട്രംപിന്റെ നേതൃത്വത്തില്‍ 2020 ഫെബ്രുവരിയില്‍ ദോഹയില്‍ ഒപ്പിട്ട കരാറും യുഎസ് സൈന്യം പിന്മാറ്റം ആരംഭിക്കുകയാണെന്ന 2021 ഏപ്രിലിലെ ബൈഡന്റെ പ്രഖ്യാപനവും കീഴടങ്ങലിനു തുല്യമാണെന്നാണ് ബ്രിട്ടിഷ് നയതന്ത്രജ്ഞര്‍ വ്യക്തമാക്കിയത്. അഫ്ഗാന്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന നീക്കമാണിതെന്നും അവര്‍ പറയുന്നു. ട്രംപാകട്ടെ ഇപ്പോള്‍ ബൈഡനെതിരെ തിരിഞ്ഞിരിക്കുകയാണ്. 'താലിബാന് ഇനി അമേരിക്കയെ പേടിയുണ്ടാവില്ല, അമേരിക്ക എന്ന ശക്തിയോട് പുച്ഛവുമായിരിക്കും...' എന്നായി ട്രംപ്. തന്റെ കരാറിനെ ബൈഡന്‍ നശിപ്പിച്ചെന്നും ട്രംപ് പറയുന്നു.



രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിയറ്റ്‌നാം ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലെയും യുഎസിന്റെ സൈനിക നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. ആ ഞങ്ങളോട് ഈ ചതി വേണമായിരുന്നോ എന്ന് ഒരു അഭിമുഖത്തില്‍ വാലസ് തുറന്നു ചോദിച്ചതും താലിബാന്റെ തിരിച്ചുവരവ് മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ വരവോടെ 'അമേരിക്ക ഈസ് ബാക്ക്' (അമേരിക്ക തിരിച്ചു വരുന്നു) എന്നായിരുന്നു പ്രചാരണം. എന്നാല്‍ അമേരിക്ക തിരിച്ചു വരികയാണോ അതോ തിരിച്ചു പോവുകയാണോ എന്നായിരുന്നു അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെപ്പറ്റി ഒരു ബ്രിട്ടിഷ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

മൂന്നോ നാലോ മാസമെടുത്തു മാത്രമേ താലിബാന്‍ അഫ്ഗാനിലേക്കു പ്രവേശിക്കുകയുള്ളൂ എന്നായിരുന്നു യുഎസ് ഇന്റലിജന്‍സ് ആദ്യം പറഞ്ഞത്. എന്നാല്‍ യുഎസ് സേന പിന്മാറിത്തീരുന്നതിന് മുമ്പേ താലിബാന്‍ കാബൂള്‍ പിടിച്ചു. സമാനമായ അവസ്ഥയാണ് അല്‍ ഖായിദയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് ബ്രിട്ടന്‍ വ്യക്തമാക്കുന്നു. മാസങ്ങള്‍ക്കകം അല്‍ ഖായിദ അഫ്ഗാനില്‍ ശക്തിദുര്‍ഗങ്ങള്‍ തീര്‍ക്കും. അതുപക്ഷേ ആരുടെ നേതൃത്വത്തില്‍, എങ്ങനെ, എത്രമാത്രം ശക്തമായി എന്നാണ് ഇനി അറിയേണ്ടതെന്ന് നിരീക്ഷകര്‍ പറയുന്നു.

സഖ്യസൈനികരെ ഉപേക്ഷിച്ചുള്ള യുഎസിന്റെ അഫ്ഗാനിലെ പിന്മാറ്റ നീക്കത്തെ 1956 ലെ സൂയസ് കനാല്‍ പ്രതിസന്ധിയോടാണ് ബ്രിട്ടന്‍ ഉപമിക്കുന്നത്. അന്ന് സൂയസ് കനാല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസര്‍ ദേശസാല്‍ക്കരിച്ചതിനു പിന്നാലെ കനാല്‍ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ശ്രമം നടത്തി. യുകെയും ഫ്രാന്‍സും പിന്തുണ പ്രഖ്യാപിച്ച് സൈന്യത്തെ അയച്ചു. സൂയസ് കനാല്‍ പിടിച്ചെടുത്ത് അതിന്റെ നിര്‍വഹണച്ചുതല കൈയടക്കാമെന്നായിരുന്നു യുകെ പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് യുഎസ് കടകം മറിഞ്ഞു. യുഎസും യുഎന്നും സോവിയറ്റ് യൂണിയനും ഇടപെട്ടു. യുകെയ്ക്ക് സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നു.

സൂയസ് കനാല്‍ പ്രതിസന്ധിയുടെ കാലത്ത് ഇസ്രയേലിനെ പിന്തുണച്ചപ്പോള്‍ ലഭിച്ച തിരിച്ചടിക്കു സമാനമാണ് അഫ്ഗാനില്‍ യുഎസിനെ പിന്തുണച്ചപ്പോള്‍ ഉണ്ടായതെന്നും ബ്രിട്ടിഷ് നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 1839 മുതല്‍ 1842 വരെ നടന്ന ആംഗ്ലോ അഫ്ഗാന്‍ യുദ്ധവുമായും നിലവിലെ ബ്രിട്ടന്റെ അവസ്ഥയെ ചിലര്‍ താരതമ്യം ചെയ്യുന്നുണ്ട്. അന്ന് ബ്രിട്ടിഷ് ഭരണകൂടം എമിറേറ്റ് ഓഫ് അഫ്ഗാനെ നേരിടാനെത്തി. ആദ്യഘട്ടത്തില്‍ വിജയകരമായി മുന്നേറുകയും ചെയ്തു. പക്ഷേ, വിപരീത കാലാവസ്ഥ ഉള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ പിന്നീട് തിരിച്ചടി കിട്ടി പിന്മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.