സുഡാനില്‍ അക്രമികള്‍ വധിച്ച 5 പേരില്‍ രണ്ട് കന്യാസ്ത്രീകളും ; മാര്‍പാപ്പ അനുശോചിച്ചു

 സുഡാനില്‍ അക്രമികള്‍ വധിച്ച 5 പേരില്‍ രണ്ട് കന്യാസ്ത്രീകളും ; മാര്‍പാപ്പ അനുശോചിച്ചു

ജുബ:സുഡാനില്‍ ബസ് തടഞ്ഞ് ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതില്‍ നടുക്കവും ദഃഖവും രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റര്‍ മേരി അബുദിനും സിസ്റ്റര്‍ റെജീന റോബയും ഉള്‍പ്പെടെ, ഈ വിവേകശൂന്യമായ അക്രമത്തില്‍ മരിച്ചവര്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ആസ്ഥാനത്തു നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

'അവരുടെ ത്യാഗം ഈ മേഖലയിലെ സമാധാനം, അനുരഞ്ജനം, സുരക്ഷിതത്വം എന്നിവയ്ക്ക് കാരണമാകുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.ഈ സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥിക്കുന്നു'- വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിന്‍ ജുബ അതിരൂപതയിലേക്കയച്ച ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയെ ഉഗാണ്ടയുടെ അതിര്‍ത്തിയായ നിമുലുമായി ബന്ധിപ്പിക്കുന്ന റോഡില്‍ പതിയിരുന്നു നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ്് രണ്ട് സിസ്റ്റര്‍മാരും കൊല്ലപ്പെട്ടത്.കന്യാസ്ത്രീ സംഘവും നിരവധി വിശ്വാസികളും, ടോറിറ്റ് രൂപതയിലെ ലോവ ഇടവകയുടെ സ്ഥാപിത ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം പല വാഹനങ്ങളിലായി ജുബയിലേക്ക് മടങ്ങുകയായിരുന്നു.

തിരുഹൃദയ സന്യാസിനീ സഭാംഗങ്ങളായ സിസ്റ്റര്‍ മേരി അബുദിനും സിസ്റ്റര്‍ റെജീന റോബയും മറ്റ് മൂന്ന് പേരും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ കുറ്റിക്കാടുകളിലേക്ക് യാത്രികര്‍ ഓടിയെങ്കിലും അതിനുമുമ്പേ സിസ്റ്റര്‍മാര്‍ക്ക് വെടിയേറ്റു. ഏഴ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജുബ അതിരൂപത അഞ്ച് ദിവസത്തെ വിലാപദിനം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20നാണ് ജുബയിലെ തിരുഹൃദയ സന്യാസിനീ ആശ്രമത്തില്‍ മൃതസംസ്‌ക്കാര കര്‍മം. തുടര്‍ന്ന്, സെന്റ് തെരേസാസ് കത്തീഡ്രലില്‍ ആത്മശാന്തിക്കായി ദിവ്യബലി അര്‍പ്പിക്കപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26