കേരളത്തിനകത്ത് പല വൈദ്യുതി നിരക്കാവാം; പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു

കേരളത്തിനകത്ത് പല വൈദ്യുതി നിരക്കാവാം; പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:വൈദ്യുതിനിരക്ക് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഒരിക്കൽ വർധിപ്പിച്ച നിരക്ക് നാലുവർഷത്തിന് പകരം അഞ്ചുവർഷത്തേക്ക് ബാധകമാക്കി.

കെഎസ്ഇബിക്കും വിതരണ ലൈസൻസികൾക്കും വ്യത്യസ്ത നിരക്കാവാം. മിച്ചമുള്ള വൈദ്യുതി കെഎസ്ഇബി കേരളത്തിന് പുറത്ത് വിൽക്കുന്നതും നിയന്ത്രിക്കും.

കമ്മിഷൻ വർധിപ്പിക്കുന്ന നിരക്ക് അഞ്ചുവർഷത്തേക്ക് ബാധകമായിരിക്കുമെങ്കിലും രണ്ടരവർഷം കഴിയുമ്പോൾ പുനരവലോകനത്തിന് ബോർഡിന് അപേക്ഷിക്കാം. കണക്കുകൾ വിലയിരുത്തി കമ്മിഷൻ തീരുമാനമെടുക്കും.
കേരളത്തിനകത്ത് കെ.എസ്.ഇ.ബിക്കും ലൈസൻസികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ 98.5 ശതമാനം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി.യാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കെഎസ്ഇബിയെന്നോ ലൈസൻസിയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരേ നിരക്കാണ് ഈടാക്കിയിരുന്നത്.

എന്നാൽ ബൾക് സപ്ലൈ താരിഫ് അനുസരിച്ച് ലൈസൻസികൾക്ക് കെ.എസ്.ഇ.ബി.യിൽനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യാം. അവരുടെ ചെലവ് കഴിച്ചുള്ള തുക ബോർഡിന് നൽകും. ഈ വരുമാനം സബ്ഡിഡി നൽകാൻ ബോർഡ് ഉപയോഗിക്കും. ബോർഡിനും ലൈസൻസികൾക്കും പ്രത്യേക നിരക്കുകൾക്ക് അനുവാദം നൽകുന്നതാണ് പുതിയ നയം.

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാൻ കേന്ദ്രം നിയമഭേദഗതിക്ക് തയ്യാറെടുക്കുകയാണ്. ഇതിന് അനുകൂലമാണ് പുതിയ നയം. സ്വകാര്യ ഏജൻസികൾ നഗര പ്രദേശങ്ങളിലും വ്യവസായ മേഖലകളിലും വൈദ്യുതി വിതരണം ചെയ്യാനാവും താത്പര്യം പ്രകടിപ്പിക്കുക. ചെലവ് കഴിച്ചുള്ള തുക ബോർഡിന് നൽകുന്നതിന് പകരം വൈദ്യുതിവില കുറച്ചുവിറ്റ് വിപണി പിടിക്കാനും ഇവർ ശ്രമിക്കും. ഇത് ബോർഡിന്റെ വരുമാനത്തെയും മറ്റ് വിഭാഗങ്ങൾക്ക് കിട്ടേണ്ട സബ്സിഡിയെയും ബാധിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.