വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തില്‍ പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള വിമര്‍ശനം രാജ്യത്തും പുറത്തും കൂടുതല്‍ തീവ്രമാകുന്നു. പ്രസിഡന്റുമായുള്ള എബിസിയുടെ ജോര്‍ജ്ജ് സ്റ്റെഫാനോപൗലോസിന്റെ അഭിമുഖത്തില്‍ നിന്ന് , തന്റെ സൈന്യം നടത്തിയ അഫ്ഗാന്‍ പിന്‍വാങ്ങലിനെക്കുറിച്ചുള്ള ബൈഡന്റെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിപ്പുകള്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന ശരങ്ങളുടെ തുടര്‍ പ്രവാഹം തന്നെയുണ്ടായി.
സേനയുടെ പിന്‍വലിക്കല്‍ കുറേക്കൂടി നല്ല വിധത്തില്‍ കൈകാര്യം ചെയ്യാമായിരുന്നില്ലേയെന്ന സ്റ്റെഫാനോപൗലോസിന്റെ ചോദ്യത്തിന് 'ഇല്ല. അത് ഒരു വിധത്തിലും കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നില്ല'- എന്നായിരുന്നു മറുപടി. വന്നുപെട്ട അരാജകത്വം ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് പ്രസിഡന്റ് വിശദീകരിക്കവേ സ്വന്തം തീരുമാനത്തിന്റെ ഫലമായിരുന്നു അതെന്നു പരോക്ഷമായി സമ്മതിക്കേണ്ടിവന്നു അദ്ദേഹത്തിന്.
'ഇത് പ്രസിഡന്റിനെ സ്വയം വ്യക്തമാക്കിത്തരുന്ന ക്ലിപ്പാണ്. വളരെ മോശം തന്നെ,' കമന്ററി മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ നോഹ റോത്ത്മാന്‍ പ്രതികരിച്ചു. 'അഫ്ഗാനിസ്ഥാനിലുള്ള ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഇത് മുഖത്തേറ്റ അടിയാണ്. പ്രസിഡന്റിന് പദ്ധതിയില്ല, അടിയന്തിര സ്വഭാവം തിരിച്ചറിയാനായില്ല, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ലജ്ജാകരം! '- മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി എഴുതി.
'തന്റെ വലിയ തെറ്റ് സമ്മതിക്കാന്‍ പോലും ബൈഡന്‍ കൂട്ടാക്കുന്നില്ല. ലോകം മുഴുവന്‍ തത്സമയ ടിവിയില്‍ ആ ദുരന്തങ്ങള്‍ കാണുമ്പോള്‍ അത് അഹങ്കാര ഭരിതവും അസ്വസ്ഥതയുളവാക്കുന്നതുമാണ്. ഒന്നുകില്‍ അദ്ദേഹം അത് കാര്യമാക്കുന്നില്ല. അല്ലെങ്കില്‍ നിഷേധിക്കുന്നു,' ബ്രിട്ടീഷ് ടിവി യിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞു. 'ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ യഥാര്‍ത്ഥ അജ്ഞതയും ലജ്ജാകരമായ പ്രകടനവും'- റിപ്പബ്ലിക്കന്‍ പ്രതിനിധി സഭാംഗമായ ലിസ് ചെനി ട്വീറ്റ് ചെയ്തു.
'ഈ കുഴപ്പം ഒഴിവാക്കാന്‍ ഒരു വഴിയുമില്ലായിരുന്നോ? അത് വലിയൊരു നുണയാണ്. ജോ ബൈഡന്‍ അശക്തനെന്നു മാത്രമല്ല, സത്യസന്ധനുമല്ല,' സെനറ്റര്‍ ടോം കോട്ടണ്‍ എഴുതി. താലിബാന്‍ ഉടനെങ്ങും വിജയിക്കാനുള്ള സാധ്യത കഴിഞ്ഞ മാസം നിഷേധിച്ചിരുന്നു പ്രസിഡന്റെന്നു ചൂണ്ടിക്കാട്ടിയ സിഎന്‍എന്‍ ആങ്കര്‍ വുള്‍ഫ് ബ്ലിറ്റ്സര്‍, വാഷിംഗ്ടണ്‍ പോസ്റ്റ് ഫാക്ട്-ചെക്കര്‍ ഗ്ലെന്‍ കെസ്‌ലര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകരും ബൈഡന്റെ വൈരുദ്ധ്യാത്മക പരാമര്‍ശത്തെ വിമര്‍ശിച്ചു.
താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ വിമാനത്തിന്റെ പുറംഭാഗത്ത് പിടിക്കാന്‍ ശ്രമിക്കവേ വീണു മരിച്ചവരുടെയും തിങ്ങിനിറഞ്ഞ സി -17 ന്റെയും ചിത്രങ്ങള്‍ സ്റ്റെഫാനോപൗലോസ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ബൈഡന്‍ പുരികം ഉയര്‍ത്തി. 'അത് നാല് , അഞ്ച് ദിവസം മുമ്പായിരുന്നു,' എന്നു പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു പ്രസിഡന്റ്.
'രണ്ട് ദിവസം മുമ്പായിരുന്നു ആ സംഭവം' ഫെഡറലിസ്റ്റ് വാര്‍ത്താ വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ സീന്‍ ഡേവിസ് പറഞ്ഞു. ' ആ ചിത്രമെടുത്തത് 72 മണിക്കൂര്‍ മുമ്പായിരുന്നു' സിഎന്‍എന്‍ വസ്തുതാ പരിശോധകന്‍ ഡാനിയല്‍ ഡെയ്ല്‍ ട്വീറ്റ് ചെയ്തു.ഡെയ്ലി വയര്‍ മാനേജിംഗ് എഡിറ്റര്‍ എമിലി സനോട്ടിയും ഇക്കാര്യം ചൂണ്ടിക്കാട്ടി.
'ഇത് തിങ്കളാഴ്ചയാണ് സംഭവിച്ചത്. 5 ദിവസം മുമ്പ് അല്ല. ഇവിടെ എന്താണ് കൃത്യമായി നടക്കുന്നത്?' മുന്‍ 'വ്യൂ' ടോക് ഷോയുടെ കോ-ഹോസ്റ്റ് മേഗന്‍ മക്കെയിന്‍ ആശ്ചര്യപ്പെട്ടു. 'കാര്യങ്ങള്‍ മനസിലാക്കാത്ത നിഷ്‌കളങ്കന്‍. ദയനീയം തന്നെ ' ദി ഇക്കണോമിസ്റ്റ് എഡിറ്റര്‍ ശശാങ്ക് ജോഷി കുറിച്ചതിങ്ങനെ.
'അഫ്ഗാനിസ്ഥാനിലെ ഓരോ അരാജക സംഭവവികാസവും അനിവാര്യമാണെന്നും പ്രതീക്ഷിക്കാവുന്നതാണെന്നുമുള്ള ഭരണകൂടത്തിന്റെ വാക്ക് ഞങ്ങള്‍ സ്വീകരിച്ചാല്‍, അവരുടെ രാഷ്ട്രീയ കെടുകാര്യസ്ഥത കുറ്റകൃത്യമായി കാണേണ്ടിവരും. കാബൂള്‍ തകരുമ്പോള്‍ നിങ്ങള്‍ എങ്ങനെ അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്നു? നിങ്ങള്‍ എങ്ങനെയാണ് ഇതിനെല്ലാം ഉത്തരം നല്‍കുക?' വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് മേഗന്‍ മക്ആര്‍ഡില്‍ ചോദിച്ചു.
ഇത് പല കാരണങ്ങളാല്‍ ക്രൂരമാണ്. രണ്ട് ദിവസം മുമ്പ് നമ്മള്‍ കണ്ട ഫോട്ടോകളെച്ചൂണ്ടി 'നാല് ദിവസം മുമ്പ്, അഞ്ച് ദിവസം മുമ്പ്' എന്ന് ബൈഡന്‍ പറയുന്നു. ഇത് ഒഴിവാക്കാനാകുമായിരുന്നില്ലേയെന്നു ചോദിക്കുമ്പോള്‍ 'ഇല്ല' എന്ന് മറുപടി പറയുന്നു. കൈകാര്യം ചെയ്തതെല്ലാം മോശമായെന്ന് ഇതിലൂടെയും തുടര്‍ സംഭവങ്ങളിലൂടെയും വ്യക്തം: എഴുത്തുകാരന്‍ ജോഷ് ജോര്‍ദാന്‍ ട്വീറ്റ് ചെയ്തു.റിപ്പബ്ലിക്കന്‍മാരുടെയും ഡെമോക്രാറ്റുകളുടെയും മാധ്യമങ്ങളുടെയും വിമര്‍ശനങ്ങള്‍ ഏറുകയാണ് ബൈഡന്‍ ഭരണകൂടത്തിനെതിരെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.