അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 20
കത്തോലിക്കാ സഭയുടെ അഭിമാനമായി ജീവിച്ച വിശുദ്ധ ബര്‍ണാര്‍ഡ് ഫ്രാന്‍സിലെ ഡീ ജോണിനടുത്തുള്ള ബര്‍ഗന്റി എന്ന സ്ഥലത്ത് 1091 ലാണ് ജനിച്ചത്. ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച ബര്‍ണാര്‍ഡ് ചെറുപ്പം മുതലേ ഭക്തി കാര്യങ്ങളില്‍ തല്‍പരനായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്ന ബര്‍ണാര്‍ഡ്്  ധ്യാനപരവും ഭക്തിനിരതവും വിനയാന്വിതവുമായ ഒരു ജീവിത ശൈലിയാണ് പിന്തുടര്‍ന്നത്.   ക്രിസ്തുവിനെ അനുകരിച്ച് ദരിദ്രമായ ഒരു ജീവിതം നയിക്കുന്നതിന് അവന്‍ അതിയായി ആഗ്രഹിച്ചു. 
അദ്ദേഹത്തിനു ലഭിച്ചിരുന്ന പണമെല്ലാം ദരിദ്രര്‍ക്കു കൊടുക്കാന്‍ പ്രത്യേകം താല്‍പര്യപ്പെട്ടു.  അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന ബര്‍ണാര്‍ഡ് അതിഗഹനങ്ങളായ വിഷയങ്ങളെപ്പോലും നിഷ്പ്രയാസം ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു.
തന്റെ ഇരുപത്തി രണ്ടാമത്തെ വയസില്‍ സിറ്റിയൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും സഹോദരനും ഉള്‍പ്പെടെ മുപ്പതോളം  കുടുംബാംഗങ്ങളെ തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയര്‍വോയില്‍ ഒരു സന്യാസ ഭവനം സ്ഥാപിക്കുകയും, 1115 ല്‍ അവിടത്തെ അശ്രമാധിപനായി നിയമിതനാവുകയും ചെയ്തു. 
അക്കാലത്ത് വിശുദ്ധന്‍ നിരവധി ആശ്രമങ്ങള്‍  സ്ഥാപിക്കുകയുണ്ടായി. ക്ലെയര്‍വോയിലെ ആശ്രമത്തില്‍ വിശുദ്ധന്‍ നടപ്പിലാക്കിയ സന്യാസ നിയമങ്ങള്‍ പില്‍ക്കാലത്ത് സിസ്റ്റേഴ്‌സ്യന്‍ നവീകരണത്തില്‍ ഏതാണ്ട് 163-ഓളം ആശ്രമങ്ങളില്‍ മാതൃകയാക്കപ്പെട്ടു. യൂജിന്‍ മൂന്നാമന്‍ എന്ന പേരില്‍ പാപ്പായായി തീര്‍ന്ന പിസായിലെ ബെര്‍ണാര്‍ഡ് വിശുദ്ധന്റെ ശിഷ്യനായിരുന്നു. 
അക്കാലഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലും രാജാക്കന്‍മാര്‍ക്കിടയിലും പുരോഹിത വൃന്ദത്തിനിടയിലുമുള്ള വിശുദ്ധന്റെ സ്വാധീനം എടുത്തു പറയേണ്ടതാണ്. വളരെയേറെ അനുതാപപരവും കാര്‍ക്കശ്യമേറിയതുമായ ജീവിത രീതികളാണ് വിശുദ്ധന്‍ പിന്തുടര്‍ന്നിരുന്നത്.
വിവിധ ജോലികളില്‍ സദാ വ്യാപൃതനായിരുന്ന അദ്ദേഹം തനിക്കായി അനുവദിച്ചിരുന്ന ദുര്‍ലഭമായ വിശ്രമവാസരങ്ങളില്‍ പോലും കിടക്കയ്ക്കായി ഒരു പലകയും തലയണയുടെ സ്ഥാനത്ത് ഒരു മരക്കഷണവും മാത്രമാണ് ഉപയോഗിച്ചിരുന്നത്. 
സന്യാസ സഭയുടെ നിയമങ്ങള്‍ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ കര്‍ക്കശമായ ദാരിദ്ര്യവ്രതം അദ്ദേഹം പാലിച്ചു പോന്നിരുന്നു. പഞ്ചേന്ദ്രിയങ്ങളുടെ സ്വാഭാവിക ശക്തി പോലും ക്ഷയിച്ചു പോകത്തക്ക വിധം അത്ര ഉഗ്രമായ തപക്രിയകളാണ് അദ്ദേഹം അനുഷ്ഠിച്ചിരുന്നത്.
മാര്‍പാപ്പായുടെ ഉപദേഷ്ടാവ്, ദൈവമാതൃ ഭക്തന്‍, വാഗ്മി, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ച് സജ്ജമാക്കിയവന്‍, വിശുദ്ധഗ്രന്ഥ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന അദ്ദേഹം 1153 ഓഗസ്റ്റ് 20 ന് ക്ലെയര്‍വോയില്‍ വെച്ചാണ്  മരണപ്പെടുന്നത്. വിശുദ്ധ ബെര്‍ണാര്‍ഡിനെ സിസ്റ്റേഴ്‌സ്യന്‍ സന്യാസ സമൂഹത്തിന്റെ രണ്ടാമത്തെ സ്ഥാപകനായിട്ടാണ് കണക്കാക്കപ്പെടുന്നത്. 
തേന്‍പോലെ മധുരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അതിനാല്‍ മധുവര്‍ഷകനായ വേദപാരംഗതന്‍ എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു. വിശുദ്ധ ബെര്‍ണാഡിന്റെ ചില ഉദ്ധരണികള്‍ പില്‍ക്കാലത്ത് ആരാധനാ ക്രമങ്ങളില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 'പരിശുദ്ധ രാജ്ഞി' എന്ന ജപത്തിലെ അവസാന വാക്യവും എത്രയും 'ദയയുള്ള മാതാവേ' എന്ന ജപവും വിശുദ്ധ ബെര്‍ണാഡ് എഴുതിയതാണ്
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്പാനിഷ് ഗസീലിയായിലെ ബെര്‍ഡാര്‍ഡ് വാല്‍ഡെയിഗ്ലെസിയാസ്
2. കോര്‍ഡോവയിലെ ലെയോ വിജില്‍ഡും ക്രിസ്റ്റഫറും
3. നോര്‍ത്തമ്പ്രിയായിലെ എഡ്‌ബെര്‍ട്ട് രാജാവ്
4. ലെമാന്‍സ് ബിഷപ്പായിരുന്ന ഹഡൂയിന്‍ 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.