ന്യൂഡല്‍ഹി: ഭീകരവാദം ഏത് നിലയ്ക്കുള്ളതാണെങ്കിലും അതിനെ അപലപിക്കേണ്ടതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഐ.എസ് ഇന്ത്യയുടെ തൊട്ടടുത്തെത്തിയിരിക്കുകയാണ്.കൊറോണ വൈറസിനെ പോലെ എല്ലാവരേയും ഒരുപോലെ ബാധിക്കുന്നതാണ് ഭീകരവാദമെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യു എന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയ്ഷെ ഇ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയും അഫ്ഗാനിസ്ഥാനിലും സജീവമാണ്. ഭീകരര്‍ക്ക് പലരും സുരക്ഷ ഒരുക്കുന്നുണ്ടെന്നും ഇത് രാജ്യത്ത് അനുവദിക്കില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാന്റെ നിലവിലെ സ്ഥിതിയില്‍ രക്ഷാ സമിതിയില്‍ ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തു.
ഭീകരവാദത്തെ മതവുമായും ദേശീയത, സംസ്‌കാരം എന്നിവയുമായും ബന്ധിപ്പിക്കാന്‍ പാടില്ല. ഭീകരവാദത്തോട് ലോകം ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യരുത്. ഇതിനെ ആരും ന്യായീകരിക്കാന്‍ വരേണ്ടന്നും ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല.
ഭീകരത വലിയ നഷ്ടങ്ങളാണ് ഇന്ത്യയ്ക്ക് വരുത്തിയത്. മുംബൈ ആക്രമണം, പത്താന്‍കോട്ട് ആക്രമണം, പുല്‍വാമയിലെ ചാവേര്‍ ആക്രമണം എന്നിവയിലൂടെയെല്ലാം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ഈ തിന്മയുമായി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം യുഎന്നില്‍ ആവശ്യപ്പെട്ടു.അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനാണ് മുന്‍ഗണനയെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. അഫ്ഗാനിലായാലും ഇന്ത്യക്കെതിരേ ആയാലും ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതയെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ഐ.എസ് ഭീകരര്‍ അവരുടെ ശൃംഖല വ്യാപിപ്പിക്കുകയാണ്. ലോകം മുഴുവന്‍ സുരക്ഷിതമാകാതെ ആരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചര്‍ച്ചയില്‍ സംസാരിച്ച മറ്റുരാജ്യങ്ങള്‍ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ജയ്ശങ്കര്‍ അതിന് തയ്യാറായില്ല. അഫ്ഗാന്‍ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യു.എന്‍ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറല്‍ വ്ളാഡിമര്‍ ആവശ്യപ്പെട്ടു. താലിബാന്റെ പല നേതാക്കളും മുദ്രകുത്തപ്പെട്ട ഭീകരരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.