ഓണം കേരളീയരുടെ ആഗോള ഉത്സവം

ഓണം കേരളീയരുടെ ആഗോള ഉത്സവം

ഓണം കേരളീയരുടെ ആഗോള ഉത്സവമാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട്. കേരളക്കരയാകെ ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. പ്രകൃതിയും മറ്റ് ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു. തുമ്പയും മൂക്കുറ്റിയും ഓണത്തുമ്പിയും എന്നു വേണ്ട കാടും വള്ളിയുമെല്ലാം പൂത്തുലയുന്ന സുദിനം.

കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തല്‍പരനായിരുന്ന മഹാബലി ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം. മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം.
കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. ചിങ്ങമാസം മലയാളിയുടെ പുതുവര്‍ഷാരംഭമാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. ലോകത്ത് എവിടെ ആയാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ ഒരുക്കമാണ്. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.

കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഓണം. മലയാളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നും പഴമക്കാര്‍ പറയുന്നു. മഹാബലി എത്തുമ്പോള്‍ പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒക്കെ വേണം. വിളവെടുപ്പിന്റെ ഉത്സവമാണ് ഓണം. മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന ഉത്സവം. കൃഷിക്കാര്‍ കാര്‍ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്‍പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കും. ജന്മിമാര്‍ അവരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓണക്കോടി നല്‍കും എന്നായിരുന്നു പഴങ്കഥ.

ഓണസദ്യയും ഓണക്കോടിയുമാണ് ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ഇനം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു. കേരളിയരുടെ ദേശീയോത്സവമാണ് ഓണം. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു ആഘോഷവും മലയാളിക്കില്ല. കര്‍ക്കടകത്തിലെ തിരുവോണം പിള്ളേരോണമാണ്. അന്നു മുതല്‍ ഓണാഘോഷം ആരംഭിക്കും. മധ്യതിരുവിതാംകൂറിലെ ആറന്മുളയില്‍ ഉതൃട്ടാതി നാളില്‍ നടക്കുന്ന വള്ളം കളിയോടെ ഓണത്തിന് തിരശ്ശീല വീഴുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.