കോണ്‍ഗ്രസ് പുനസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവം; പ്രിയങ്ക ഗാന്ധി സുപ്രധാന ചുമതലയിലേക്ക്

കോണ്‍ഗ്രസ്  പുനസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവം; പ്രിയങ്ക ഗാന്ധി സുപ്രധാന ചുമതലയിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ പുനസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. അഴിച്ചുപണിയില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സുപ്രധാനമായ ചില ചുമതലകള്‍ കൂടി ലഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും. പ്രശാന്ത് കോണ്‍ഗ്രസില്‍ എത്തിയാല്‍ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത ചുതമലയായിരുക്കും ഇദ്ദേഹത്തിന് നല്‍കുക. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുനസംഘടനാ നീക്കങ്ങള്‍ വീണ്ടും സജീവമാക്കുന്നത്.

പുനസംഘടനയില്‍ യുവനേതാക്കളെ സുപ്രധാന പദവികളിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഗുലാം നബി ആസാദ്, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉചിതമായ റോളുകളും ലഭ്യമാകും.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നതെങ്കിലും ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട്.

നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടുതല്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയും എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ മേല്‍നോട്ടം വഹിക്കുകയും വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

കിഷോറിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വൈകാതെ തീരുമാനം ഉണ്ടാവും. പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് സഹായിച്ച കിഷോര്‍ കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും പ്രശാന്തിന് കീഴിലായിക്കും കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപീകരിക്കുക. എന്നാല്‍ ഇതു സംബന്ധിച്ച ഒരു ഔദ്യോഗിക പ്രതികരണത്തിന് കോണ്‍ഗ്രസോ പ്രശാന്ത് കിഷോറോ തയ്യാറായിട്ടില്ല.

കിഷോറിന്റെ വരവും പദവിയും കുറിച്ചുള്ള അന്തിമ തീരുമാനവും മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങി പ്രധാന നേതാക്കളുടെ റോളുകളും ഹൈക്കമാന്‍ഡ് കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.