ബര്‍മിങ്ഹാം: ബര്‍മിങ്ഹാമിന് അടുത്തുള്ള ക്‌നാനായ ആസ്ഥാന മന്ദിരം തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് മന്ദിരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ കെട്ടിടത്തില്‍ നിന്ന് തീയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. പക്ഷേ അതിനോടകം കെട്ടിടത്തിന്റെ നല്ലൊരു ഭാഗം കത്തി നശിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
പൊലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാര്‍ത്തയറിഞ്ഞ് നിരവധി ക്‌നാനായക്കാര്‍ സംഭ സ്ഥലത്തെത്തി.
2014ലാണ് ക്‌നാനായക്കാരുടെ അഭിമാന ഗോപുരമായി ക്‌നാനായ ആസ്ഥാന മന്ദിരം ബര്‍ബിങ്ഹാമില്‍ ഉയര്‍ന്നത്. യു.കെ.കെ.സി.എയുടെ നേതൃത്വത്തില്‍ ക്‌നാനായക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് മന്ദിരത്തിന് ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു. ഒട്ടുമിക്ക കുടുംബങ്ങളും ഇതിന് നിര്‍ലോഭമായി സംഭാവന ചെയ്തു. അന്നത്തെ യു.കെ.കെ.സി.എ പ്രസിഡന്റ് ബെന്നി മാവേലി അമ്പതിനായിരം പൗണ്ട് സംഭാവന ചെയ്തതാണ് മന്ദിരത്തിന്റെ അടിസ്ഥാന തുക. തുടര്‍ന്ന് യൂണിറ്റുകള്‍ വഴി അംഗങ്ങളും സംഭാവനകള്‍ നല്‍കി. യു.കെ.കെ.സി.എയുടെ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ മാത്യൂ മൂലക്കാട്ട് കെട്ടിടം വെഞ്ചരിച്ച് യു.കെ.യിലെ ക്‌നാനായക്കാര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ക്‌നാനായക്കാര്‍ക്ക് മാത്രമല്ല യു.കെ.യിലെ മലയാളികള്‍ക്കെല്ലാം പ്രയോജനകരമായ മന്ദിരമായി അത് മാറുകയും ചെയ്തു. യുക്മ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ വിവിധ പരിപാടികള്‍ ഇവിടെ നടത്തപ്പെട്ടിരുന്നു. ഒരു ചാപ്പലും ഹാളും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളുള്ളതാണ് ക്‌നാനയാ ഭവന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.