കാബൂള്‍/ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിനടുത്തു നിന്ന് ഇന്ത്യാക്കാരുള്‍പ്പെടെ ഏകദേശം 150 പേരെ താലിബാന്‍ പോരാളികള്‍ തട്ടിക്കൊണ്ടു പോയതായി അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവരെ കസ്റ്റഡിയിലെടുത്തതാണെന്ന് തുടര്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.താലിബാന്‍ ഈ വാര്‍ത്ത നിഷേധിച്ചു; അതേസമയം, യാഥാര്‍ത്ഥ്യമറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നതായി എന്‍ഡി ടിവി അറിയിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ സി -130 ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനം കാബൂളില്‍ നിന്ന് 85 ഇന്ത്യക്കാരെ ഒഴിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 പേരെ താലിബാന്‍ തട്ടിക്കൊണ്ടു പോയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നത്. വിമാനം താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ ഒഴിപ്പിക്കലിനായി രണ്ടാമത്തെ സി -17 വിമാനം കാബൂളിലുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ എല്ലാ എംബസി ജീവനക്കാരെയും ഒഴിപ്പിച്ചെങ്കിലും യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തെ പല നഗരങ്ങളിലുമായി ആയിരം പൗരന്മാര്‍ തുടരുന്നുണ്ടെന്നും അവരുടെ സ്ഥലവും അവസ്ഥയും കണ്ടെത്തുന്നത് നിലവില്‍ വെല്ലുവിളിയാണെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ് പ്രധാന കാരണം.കാബൂളിലെ ഒരു ഗുരുദ്വാരയില്‍ അഭയം പ്രാപിച്ച 200 സിഖുകാരും ഹിന്ദുക്കളും അക്കൂട്ടത്തിലുണ്ട്.താലിബാന്റെ വക്താവ് തങ്ങള്‍ക്ക്് സുരക്ഷ ഉറപ്പുനല്‍കിയതായി ഗുരുദ്വാര തലവന്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു.
ഇതിനിടെ താലിബാന്‍ പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളിലാണ് താലിബാനു നിയന്ത്രണം നഷ്ടമായത്. സേനയുമായുള്ള പോരാട്ടത്തില്‍ 60 താലിബാന്‍ തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയുമുണ്ട്. ഈ മൂന്ന് ജില്ലകള്‍ക്കായി താലിബാന്‍ തീവ്രവാദികളും താലിബാന്‍ വിരുദ്ധ സേനയും തമ്മില്‍ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് ട്വീറ്റുകള്‍ പങ്കിട്ടു. അതേസമയം താലിബാനും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് പരസ്പര വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
താലിബാനെതിരായ പ്രതിരോധത്തിന്റെ ഒടുവിലത്തെ കേന്ദ്രം രാജ്യ തലസ്ഥാനമായ കാബൂളിന് വടക്കുഭാഗത്തുള്ള പഞ്ച്ഷിര്‍ താഴ്‌വരയിലാണ്.ഹിന്ദുക്കുഷ് മലനിരകളാല്‍ ചുറ്റപ്പെട്ട പഞ്ച്ഷീര്‍ പൊതുവെ അഫ്ഗാന്‍ മണ്ണിന്റെ പ്രതിരോധ കോട്ടയായാണ് അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ തീവ്രവാദത്തിനും അധിനവേശ ശക്തികള്‍ക്കും എതിരെയുള്ള കേന്ദ്രമായി ദീര്‍ഘകാലമായി നിലകൊള്ളുന്നു ഈ മേഖല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.