സ്വര്‍ലോകരാജ്ഞിയായ മറിയത്തിന്റെ തിരുനാള്‍

സ്വര്‍ലോകരാജ്ഞിയായ മറിയത്തിന്റെ തിരുനാള്‍


അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 22

'ആദ് ച്ചേളി റെജീന' (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി 1954 ല്‍ മറിയത്തെ സ്വര്‍ലോക റാണിയായി പ്രഖ്യാപിച്ച പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ഓഗസ്റ്റ് 22 ന് സ്വര്‍ലോക രാജ്ഞിയുടെ പേരില്‍ ഒരു തിരുനാള്‍ സ്ഥാപിക്കുകയും ചെയ്തു. മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വര്‍ലോകരാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തില്‍ അധിഷ്ഠിതമാണ്.

മംഗളവാര്‍ത്തയുടെ അവസരത്തില്‍ ഗബ്രിയേല്‍ മാലാഖ, 'മറിയത്തിന്റെ പുത്രന്‍ ദാവീദിന്റെ സിംഹാസനത്തില്‍ എന്നേയ്ക്കും ഭരണം നടത്തും' എന്ന ദൈവികദൂത് അറിയിക്കുന്നു. തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദര്‍ശിക്കമ്പോള്‍, എലിസബത്ത് മറിയത്തെ 'ദൈവമാതാവ്' എന്നു വിളിക്കുന്നു. ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?''(ലൂക്കാ 1:43). മറിയത്തിന്റെ രാജ്ഞി പദവിയെക്കുറിച്ചുള്ള സൂചനകള്‍ പഴയ നിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും.

അമ്മ രാജ്ഞിക്ക് (Queen Mother) ഇസ്രായേല്‍ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം അടിസ്ഥാനമാക്കി ഇത് മനസിലാക്കാന്‍ എളുപ്പമാണെന്ന് പ്രസിദ്ധ അമേരിക്കന്‍ ദൈവ ശാസ്ത്രജ്ഞനായ ഡോ. സ്‌കോട്ട് ഹാന്‍ പറയുന്നു. അമ്മ റാണിയെ ഹെബ്രായ ഭാഷയില്‍ ഗെബിറ (gebirah) എന്നാണ് വിളിക്കുക. യഹൂദ പാരമ്പര്യ പ്രകാരം gebirah ക്ക് ഇസ്രായേല്‍ രാജവംശത്തില്‍ വളരെ ശക്തവും അതുല്യവുമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.

ഇസ്രായേലിന്റെ ചരിത്രത്തില്‍ 16 അമ്മ റാണിമാരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയില്‍ പക്വമതികളായ ഇവര്‍ രാജഭരണത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. അമ്മ റാണി രാജസദസിലേയ്ക്ക് വരുമ്പോള്‍ ബഹുമാന സൂചകമായി രാജാവ് ഉള്‍പ്പെടയുള്ളവര്‍ എഴുന്നേറ്റു നില്‍ക്കണമായിരുന്നു.

ഹെബ്രായ സംസ്‌കാരത്തില്‍ ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയാലും മരിച്ചാലും അമ്മയുടെ രാജ്ഞി പദവി നഷ്ടമാവില്ല. രാജാക്കന്മാരുടെ ജ്ഞാനോപദേശക പദവിയുള്ള അമ്മ സൈനിക-രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളില്‍ രാജാവിന് ഉപദേശം നല്‍കിപ്പോന്നു. ചില സമയങ്ങളില്‍ രാജ്യതാല്‍പര്യത്തിനു വിപരീതമായി മകന്‍ പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കാനും അമ്മ രാജ്ഞിമാര്‍ ധൈര്യം പ്രകടിപ്പിച്ചിരുന്നു.

ഒരു സ്ത്രീ എഴുതിയതായി വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ ഏക അദ്ധ്യായം സുഭാഷിതം 31 ആണ്. ഈ അദ്ധ്യായത്തില്‍ മാസ്സാ രാജാവായ ലമുവേലിന് രാജസിംഹാസനം ഏറ്റെടുക്കാനും ഉത്തമമായ ഭാര്യയെ തിരഞ്ഞെടുക്കുവാനും അമ്മ രാജ്ഞി നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് വിവരിച്ചിരിക്കുന്നത്.

രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനഞ്ചാം അദ്ധ്യായത്തില്‍ ഇസ്രായേല്‍ രാജാവ് ആഹാബിന്റെ ഭാര്യയായ 'ഇസബെല്‍' എന്ന തിന്മയുടെ മൂര്‍ത്തീഭാവമായ രാജ്ഞിയെ കണ്ടുമുട്ടുന്നു. പഴയനിയമ പണ്ഡിതനായ ഫാ. റോളണ്ട് ഡേവോയുടെ നിരീക്ഷണത്തില്‍, അഹാബിന്റെയും ജസബെലിന്റെയും സമയത്ത് വളരെ അസ്വസ്ഥതകളും തകര്‍ച്ചകളും ഇസ്രായേലില്‍ സംഭവിക്കാന്‍ കാരണം അവിടെ അമ്മ രാജ്ഞിയുടെ അഭാവമായിരുന്നു.

മറിയം ക്രിസ്തുവിന്റെ അമ്മയാകാന്‍ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ്. ക്രിസ്തു എല്ലാ സൃഷ്ടികളുടെയും രാജാവായതിനാല്‍ അവിടുത്തെ അമ്മയായ മറിയം അമ്മ രാജ്ഞിയുമാണ്. യേശു മറിയത്തിന്റെ ഉദരത്തില്‍ ജന്മമെടുത്തതിനാല്‍ അവിടുത്തെ അമ്മയായ മറിയത്തെ ഈ ലോകത്തിനു വിട്ടുകൊടുക്കാതെ സ്വര്‍ഗത്തിലേയ്ക്ക് കൊണ്ടുപോവുകയും സ്വര്‍ഗീയ രാജ്ഞി പദവി നല്‍കി അനുഗ്രഹിക്കുകയും ചെയ്തു.

കാനായിലെ കല്യാണ വിരുന്നില്‍ അവന്‍ പറയുന്നതുപോലെ നിങ്ങള്‍ ചെയ്യുവിന്‍ എന്ന മറിയത്തിന്റെ ആഹ്വാനം മറിയത്തിന്റെ അമ്മ റാണി പദവിയുടെ ഉത്തമ ദൃഷ്ടാന്തമാണ്. നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ സഭാപിതാവായിരുന്ന വിശുദ്ധ അപ്രേം, മറിയത്തെ രാജ്ഞി എന്നു വിളിക്കുന്നുണ്ട്. പിന്നീട് വന്ന സഭാപിതാക്കന്മാരും മറിയത്തെ രാജ്ഞിയായി അംഗീകരിക്കുന്നു.

പതിനൊന്നു മുതല്‍ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടുകളില്‍ രൂപപ്പെട്ട മരിയന്‍ ഗീതങ്ങളില്‍, പരിശുദ്ധരാജ്ഞി, സ്വര്‍ഗരാജ്ഞി എന്നിങ്ങനെ മറിയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ജപമാല പ്രാര്‍ത്ഥനയും മറിയത്തിന്റെ ലുത്തിനിയയും മറിയം സ്വര്‍ഗരാജ്ഞി എന്ന വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കോണ്‍സ്റ്റാന്റിനോപ്പിളിലെ അഗത്തോണിക്കൂസും സോട്ടിക്കൂസും

2. ഇറ്റലി ടസ്‌കനിയിലെ ആന്‍ഡ്രൂ

3. അത്തനെഷ്യസും കരിയൂസും, നെയോഫിത്തൂസും അന്തൂസായും കൂട്ടരും

4. റോമായിലെ അന്തോണിനൂസ്




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.