ന്യുഡല്‍ഹി: ജാതി സെന്‍സസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനൊരുങ്ങി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ഇത് ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തില്‍ സഹകരിക്കുന്നത്. വിഷയത്തില്‍ തേജസ്വി യാദവും നിതീഷ് കുമാറും മറ്റ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയെ കാണുക.എന്നാല്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ല.
ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനൊപ്പമാണ് എന്‍ഡിഎ ഘടകക്ഷിയായ ജെഡിയു. പെഗാസസില്‍ അന്വേഷണം വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജാതി സെന്‍സസിലെ തേജസ്വിയുമായുളള സഹകരണം. ആര്‍ജെഡിയുമായി സഹകരിക്കാന്‍ സാധിക്കുമെന്ന സൂചന നല്‍കുകയാണോ ഉദ്ദേശമെന്ന ചോദ്യം ജെഡിയു തള്ളി. പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാണെന്നും പൊതു വിഷയമെന്നതിലാണ് സഹകരണമെന്നുമാണ് ജെഡിയു നിലപാട്.
ജാതി സെന്‍സസില്‍ പ്രധാനമന്ത്രി കാണാന്‍ സമയം നല്‍കാത്ത സംഭവം മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിക്കുന്നതാണെന്ന് നേരത്തെ തേജ്‌സ്വിയാദവ് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ലെങ്കിലും ബിഹാറിലെ ബിജെപി നേതാക്കളില്‍ ചിലര്‍ ജാതി സെന്‍സസ് വേണമെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ചില ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ കാണാനായി സംഘത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെന്‍സസ് ആവശ്യം ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് പ്രതിസന്ധിയായിരിക്കുകയാണ്.
എസ് സി എസ് ടി വിഭാഗങ്ങളെ ഒഴിച്ച് മറ്റ് ജാതി വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ആഭ്യന്തരവകുപ്പ് പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. 1931 ലാണ് രാജ്യത്ത് അവസാനമായി ജാതി സെന്‍സസ് നടന്നത്. 2011 ലും വിവരം ശേഖരിച്ചെങ്കിലും നിരവധി പൊരുത്തേക്കേടുകളെ തുടര്‍ന്ന് കണക്കെടുപ്പ് പുറത്ത് വിട്ടിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.