കോവിഡ് മാസ്‌ക് വേണ്ടെന്ന ഗവര്‍ണര്‍ അബോട്ടിന്റെ ഉത്തരവിനെതിരെ ഫെഡറല്‍ സ്യൂട്ട്

 കോവിഡ് മാസ്‌ക് വേണ്ടെന്ന ഗവര്‍ണര്‍ അബോട്ടിന്റെ ഉത്തരവിനെതിരെ ഫെഡറല്‍ സ്യൂട്ട്


ഡാളസ്: ടെക്‌സസ് നഗര, കൗണ്ടി മേഖലകളിലെ സ്‌കൂളുകളില്‍ ഉള്‍പ്പെടെ മാസ്‌ക് നിര്‍ബന്ധമാക്കരുതെന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ചോദ്യം ചെയ്ത് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിനെതിരെ ഭിന്നശേഷി അവകാശ സംരക്ഷകരുടെ കൂട്ടായ്മ ട്രാവിസ് കൗണ്ടിയിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.ഗവര്‍ണറുടെ ഉത്തരവിനെതിരായ ആദ്യത്തെ ഫെഡറല്‍ സ്യൂട്ടാണിത്.

'അമേരിക്കന്‍സ് വിത്ത് ഡിസെബിലിറ്റി ആക്ട്' പ്രകാരം വൈകല്യമുള്ളവര്‍ക്കു ലഭിക്കേണ്ട പരിരക്ഷ ഗവര്‍ണറുടെ ഉത്തരവിലൂടെ ലംഘിക്കുന്നതായി 14 വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍, ടെക്‌സസ് ഡിസെബിലിറ്റി റൈറ്റ്‌സ് വാദിക്കുന്നു. ഗവര്‍ണറുടെ ഉത്തരവ് വന്നതോടെ ഭിന്നശേഷി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സ്‌കൂളുകള്‍ക്ക് കഴിയാതെ വന്നിരിക്കുന്നു. കുട്ടികളുടെ പൊതു വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ടെക്‌സാസ് എഡ്യൂക്കേഷന്‍ ഏജന്‍സി കമ്മീഷണര്‍ മൈക്ക് മൊറാത്തിനെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്.

കുടുംബങ്ങള്‍ പ്രധാനമായും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നത്- ടെക്‌സാസിലെ ഭിന്നശേഷി വിഭാഗ അവകാശങ്ങളുടെ അഭിഭാഷകനായ റോബര്‍ട്ട് വിന്ററോഡ് പറഞ്ഞു. ചില സ്‌കൂളുകള്‍ വെര്‍ച്വല്‍ ലേണിംഗ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകളില്‍ അത് അപ്രാപ്യമായേക്കാം. ഇത് വഴി യഥാര്‍ത്ഥത്തില്‍ ഈ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൗണ്‍ സിന്‍ഡ്രോം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ക്ക് വ്യക്തിപരമായ സഹായങ്ങള്‍ ക്ലാസില്‍ ആവശ്യമാണ്.

ഇതിനിടെ, ഗ്രെഗ് അബോട്ടിന്റെ ഉത്തരവ് സംസ്ഥാനത്തെ പൊതുവിദ്യാലയ സംവിധാനങ്ങളില്‍ നടപ്പാക്കുന്നത് പിന്‍വലിച്ചതായി ടെക്‌സസ് വിദ്യാഭ്യാസ ഏജന്‍സി അറിയിച്ചു.കോടതികള്‍ ഇടപെട്ട സാഹചര്യത്തിലാണ് ഈ നടപടിയെന്ന് പൊതുജനാരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശ അറിയിപ്പിലൂടെ ഏജന്‍സി വ്യക്തമാക്കി.വ്യവഹാരങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പില്‍ പറയുന്നു.അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പബ്ലിക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും നിയമ ഉപദേശകരൈയും സമീപിക്കാന്‍ ടെക്‌സസ് വിദ്യാഭ്യാസ ഏജന്‍സി ശുപാര്‍ശ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.