ഓണം: ഓര്‍മ്മകളുടെ ഉറവ !

ഓണം: ഓര്‍മ്മകളുടെ ഉറവ !

മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നു പോലെ- അനുവാദം ചോദിക്കാതെ ഓരോ മലയാളിയുടെയും അധരങ്ങളില്‍ വിരുന്നു വരുന്ന ഈ ഈരടി നമുക്ക്‌ ഭൂതകാലത്തേയ്ക്കുള്ള ഇട വഴിയാണ്‌. ഈ ഇടവഴിയെ നടന്നു ചെന്നാല്‍, മലയാളിത്തത്തിന്റെ ഓര്‍മ്മകള്‍ ഉറവ പൊട്ടുന്നിടം കാണാം. അതാണ്‌ ഓണം. ആപത്തറിയാത്ത, ആമോദവാഴ്ചയുടെ ആ കാലത്തിന്റെ നിഘണ്ടുവില്‍ കള്ളം, ചതി, പൊളിവചനം, കള്ളപ്പറ, ചെറുനാഴി, കള്ളത്തരം തുടങ്ങിയ പദങ്ങള്‍ ഉണ്ടായിരുന്നില്ല.

മലയാളിയുടെ ദേശീയോത്സവമായ ഓണം, ലോകത്തെവിടെയായാലും ജാതി മത ഭേദമന്യേ, ഓരോ മലയാളിയുടെ മനസിലും ഒരായിരം പൂക്കളം വിരിക്കും. ഓണപ്പാട്ടുകളുടെ ഈണമുതിര്‍ക്കും, ഓണക്കളികളുടെ ആരവമുയര്‍ത്തും... കാരണം, മലയാണ്മയുടെ ആദിപ്രരൂപമായ മാവേലി, തന്റെ പ്രജകളെ കാണാന്‍ വരുന്ന സുദിനമാണ്‌ ഓണം.

കേരളത്തിന്റെ പുരാവൃത്തവും ഐതിഹ്യവും ഒട്ടനവധി ഒണക്കഥകളുടെ കെട്ടഴിക്കുന്നുണ്ട്. ഓണം, കേരളത്തിലെ വിളപെടുപ്പുത്സവമായിരുന്നു. തൃക്കാക്കരയപ്പനാണ്‌ മാവേലിയെന്നും, തൃക്കാക്കരയാണ്‌ ആദ്യമായി ഓണം നടന്ന സ്ഥലമെന്നും ഐതിഹ്യമുണ്ടെങ്കിലും വളരെ പണ്ടുതന്നെ തമിഴ്നാട്ടിലും മറ്റും ഓണാഘോഷം നടന്നതിന്റെ ചരിത്ര രേഖകള്‍ സംഘകാലകൃതികളില്‍ ലഭ്യ മായിട്ടുണ്ട്‌. സംഘസാഹിതൃത്തിലെ മധുരൈകാഞ്ചിയിലാണ്‌ ഇന്ദ്രവിഴയെന്ന ഓണാഘോഷത്തെപ്പറ്റി പരാമര്‍ശിക്കുന്നത്‌.

പ്രാചീന അസീറിയയില്‍ നിലവിലിരുന്ന ആഘോഷമാണ്‌ ഓണമെന്നും അവിടുത്തെ സിഗുറായി ക്ഷേത്രദൈവങ്ങളുടെയും നമ്മുടെ തൃക്കാക്കരയപ്പന്റെയും ആകൃതി ഒരുപോലെയാണെന്നും അവരുടെ കുടിയേറ്റത്തിലൂടെ ഭാരതത്തിലേക്കു സംക്രമിച്ച ആഘോഷമാണു ഓണമെന്നും പ്രൊഫ. എന്‍.വി കൃഷ്ണവാര്യര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ബുദ്ധമത പശ്ചാത്തലത്തിലും ഓണത്തിനു വ്യാഖ്യാനമുണ്ട്‌. സിദ്ധാര്‍ത്ഥന് ബോധോധയമുണ്ടായത്‌, ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നെന്നും പാലി ഭാഷയിലെ സാവണം എന്ന പ്രദമാണ്‌ ഓണമായി മാറിയതെന്നും പറയപ്പെടുന്നു.

എന്തായാലും ഓരോ മലയാളിയും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും പ്രിയപ്പെട്ട ബാല്യസ്മര ണകള്‍ ഓണാഘോഷത്തിന്റെ സുദിനങ്ങള്‍ തന്നെയാണ്‌. ചിങ്ങത്തിലെ അത്തം മുതല്‍ ചതയം വരെ പത്തു നാള്‍ നീളുന്ന ഉത്സവം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനതയുടെ ഒരുമയുടെയും ഐകൃത്തിന്റെയും ഉത്സവമാണ്‌.

കര്‍ക്കിടകത്തിന്റെ കാലവര്‍ഷം പെയ്തൊഴിഞ്ഞ്‌ മാനം തെളിയുമ്പോള്‍, വിദേശക്കപ്പലുകള്‍ പണ്ട് സുഗന്ധ വ്യാപാരത്തിനായി കേരളതീരത്തെത്തിയിരുന്നു. അങ്ങനെ പണം വരുന്ന, സ്വര്‍ണം കൊണ്ടു വരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമെന്നും ഓണത്തെ പൊന്നോണമെന്നും വിളിച്ചു. സ്നേഹിക്കുന്ന മലയാളി, ഭാഷയുടെ തൂശനിലയില്‍ തന്റെ സംസ്കാരസദ്യ വിളമ്പുകയാണ്‌ ഇന്നും.

പൊന്നിന്‍ ചിങ്ങത്തെ കാണുവാന്‍ നെല്ലിന്‍തോളില്‍ കൈവച്ചു നില്‍ക്കുന്ന ഗൃഹാതുരസ്വപ്നങ്ങളുടെ ചാരുതയില്‍ മലയാളി സ്വയം മറക്കുന്ന ഓണം, പക്ഷേ ഇന്ന്‌, ആതുരമായ ഒട്ടേറെ ആസുരമൂല്യങ്ങളുടെ മേളപ്പദം മുഴക്കുകയാണ്‌.

വിടരാന്‍ കൊതിക്കുന്ന പിഞ്ചുബാല്യങ്ങളെപ്പോലും ഇറുത്തെടുത്ത ആര്‍ത്തിയുടെ തലയില്‍ തിരുകി, ആസക്തിയുടെ ചുടലനൃത്തം ചവിട്ടുന്ന ആധുനിക മലയാളി മാതൃഭാഷയെയും മാതൃഭൂമിയും ഉപേക്ഷിക്കാന്‍ തിടുക്കം കൂട്ടുകയാണ്‌. മാവേലി നാടുവാണ കാലത്തില്‍ ഒരുമ പെരുകുന്ന നിറപറകളും വിവിധ വര്‍ണസുമങ്ങള്‍ ഒരുമിച്ചു വിരിയുന്ന പുവാടികളും സമത്വഭാവം സ്ഫുരിക്കുന്ന സൂമനസുകളും നാടിന്റെ സമൃദ്ധിയെ വ്യാഖ്യാനിച്ചപ്പോള്‍, ഇന്നു രാഷ്ട്രീയവും മതവും നാഗരികരയും മലയാണ്മായെ കശാപ്പു ചെയ്യുകയല്ലേ?

ഫലപുയിഷിടമായ ഭുമി ദാനമായി ലഭിച്ച മലയാളി ഇന്ന്‌ മണ്ണിനോട്‌ യാത്ര പറഞ്ഞുകഴിഞ്ഞു. കവി കുഞ്ഞുണ്ണി പാടുന്നതുപോലെ,

അരി തഞ്ചാവുരിന്നുവരും
പച്ചക്കറി പൊള്ളാച്ചിയില്‍ നിന്നുവരും
പാലു പോത്തന്നുരില്‍നിന്നും
പൈസ ഫോറിനില്‍നിന്നും
വരുമെന്നതിനാല്‍
നമ്മള്‍ക്കെന്തിനു കന്നും കൃഷിയും
നമ്മുടെ കാലം തിന്നുമുടിക്കാം.

എന്നു കരുതുന്ന മലയാളിക്ക്‌ ഓണസദ്യ, തമിഴ്‌നാട്ടുകാരുടെ ആര്യാസ് ഹോട്ടല്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ഓണപ്പായസം പാക്കറ്റുകളിലെത്തുന്നു. ചാനലുകളിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലും അവതാരക സുന്ദരിമാരുടെ മലയാല മൊഴികളിലും സ്വയം മറക്കുന്ന ആവറേജ് മലയാളി ഇന്ന് ഓണ സ്മരണപോലും വില്പനയ്ക്കു വച്ചുകഴിഞ്ഞു.

എതായാലും, ഈ ഭാരത ഭുമിയുടെ തെക്കേയറ്റത്ത്‌, നീളമുള്ള വാഴയിലപോലെ കിടക്കുന്ന കേരളം, വരണ്ടു തീരുന്ന പുഴകളുടെയും മുറിഞ്ഞു വീഴുന്ന മരങ്ങളുടെയും മറഞ്ഞുപോകുന്ന മഹിമകളു ടെയും ഉടമയാകുമ്പോഴും വറ്റാത്ത ഓര്‍മ്മകളുടെ നിര്‍ത്ധരിക്ക്‌ ഉറവയാകുകയാണ്‌ പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണം. ഈ ആഘോഷങ്ങള്‍, പുതിയൊരു ദിശാബോധം വളരുന്ന തലമുറയായ നമ്മിലൂണര്‍ത്തട്ടെ.

തരംതിരിവുകളില്ലാത്ത ഒരു പുതിയ ലോകത്തിന്റെ വിശുദ്ധ സാധ്യതയായി, ഓണസ്മരണകള്‍ ഇനിയും നിലയ്ക്കാതെ ഒഴുകട്ടെ. മനുഷ്യനെ, മനുഷ്യനായിക്കാണുന്ന ഹൃദയം നന്മയുടെ സമൃദ്ധിയായി ഓണം മലയാളികളില്‍ ഉണരട്ടെ. മുക്കുറ്റിയും മുല്ലയും ചെത്തിയും മന്ദാരവും തുളസിയും പിച്ചകവും തുമ്പയും സുഗന്ധരാജനും ചെമ്പരത്തിയും ഡാലിയയും സീനിയയും റോസയും സൂര്യകാന്തിയുമെല്ലാം കൈകോര്‍ത്ത്‌ തിർക്കുന്ന പുതിയ പൂക്കളമായി കേരളം മാറട്ടെ. അയല്‍ക്കാരന്റെ നന്മയെ ചവിട്ടിത്താഴിത്തുന്ന വാമനന്മാര്‍ക്കു പകരം, മറ്റുള്ളവര്‍ക്കായി, സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തികളായ മഹാബലിമാര്‍, ഈ മണ്ണില്‍ പെരുകട്ടെ... ഏവര്‍ക്കും ഓണനന്മയുടെ ഓര്‍മകള്‍ നേരുന്നു.

ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത ഭാഗമാണിത്. പത്ത് വര്‍ഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റര്‍നാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രപഞ്ചമാനസത്തിന് ലഭിച്ചിട്ടുണ്ട്.

ഓണചിന്തകൾ -1

ഓണം: വിളയില്‍ നിന്ന് വിഭവത്തിലേക്കുള്ള ദൂരം !


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.