മലയാളിയുടെ ഉള്ളില്‍ ഉത്സവത്തിന്റെ ഉള്‍വിളിയുമായി വീണ്ടും പൊന്നിന്‍ ചിങ്ങവും പൊന്നോണവും ആഗതമായി. ഐതിഹ്യവും പുരാവൃത്തവും സമ്മേളിക്കുന്ന തിരുവോണ സങ്കല്‍പത്തിന്റെ കാലികമായ എല്ലാ കാഴ്ചകളേയും മായ്ചുകൊണ്ട് മലയാളിയുടെ മനസില്‍ പടരുകയാണ്. ഓണ സദ്യയാണ് തിരുവോണ ആഘോഷത്തിന്റെ ഹൃദയം എന്നു പറയുന്നത്. ലോകത്തെവിടെയായാലും തിരുവോണ നാളില്‍ മലയാളി ഓണസദ്യ ഉണ്ണും, പുക്കളവും തീര്‍ക്കും. വിഭവസമൃദ്ധമായ ഓണസദ്യ മലയാളിപ്പെരുമയുടെ ചിഹ്നമാണ്.
പപ്പടവും പഴവും എല്ലാം ചേര്‍ന്ന ഓണസദ്യ ലോക പ്രശസ്തമാണ്. തൂശനിലയില്‍ വിളമ്പിവച്ച വിഭവങ്ങളുടെ മുന്നിലേക്ക് വിസ്തരിച്ചിരുന്ന് വിശാലമായി ഉണ്ണുന്നവന്‍, പക്ഷേ, വിശിഷ്ട ഭോജ്യങ്ങളുടെ ചരിത്രമറിയില്ല. ഓരോ വിഭവത്തിനു മുണ്ട്, വിരുന്നു മേശയിലേക്കുള്ള യാത്രയുടെ ഒരു നീണ്ട ചരിത്രം. വിത്തില്‍ നിന്നും വിളയിലേക്കും, വിളയില്‍ നിന്നും വിഭവത്തിലേക്കും നീളുന്ന ജീവചരിത്രം. കല്ലും മുള്ളും മണ്ണും കണ്ണീരുമലിഞ്ഞ താണ് ആ വിഭവ ചരിത്രം. കിളച്ചവരുടെ കിതപ്പും വിതച്ചവരുടെ വിയര്‍പ്പും കൊയ്തവരുടെ കുതിപ്പും ഓരോ വിഭവത്തിന്റെയും ചരിത്ര വഴിയിലെ വിശുദ്ധ സ്പന്ദനങ്ങളാണ്.
ഓണം തന്നെ നമുക്കു വിരുന്നാകുമ്പോള്‍ ഓണച്ചന്തങ്ങളെല്ലാം നമുക്ക് വിഭവങ്ങളാണ്. ഓരോ വിഭവത്തിനും അതിന്റെ സ്വന്തം ചരിത്രമുണ്ട്. പുക്കളവും ഉഞ്ഞാലാട്ടവും ഓണപ്പാട്ടും ഓണക്കളികളും മലയാളിക്ക് തനതായ ചരിത്രമുള്ള വിഭവങ്ങളാണ്. പുവ് ഒരു വിളയാണ്. പുക്കളം വിഭവമാണ്. കയര്‍ ഒരു വിളയാണ്. ഊഞ്ഞാല്‍ ഒരു വിഭവമാണ്. വാക്ക് ഒരു വിളയാണ്. വാക്കും ഈണവും ചേര്‍ന്നൊഴുകുന്ന ഓണപ്പാട്ട് ഒരു വിഭവമാണ്. കളി ഒരു വിളയാണ്. വിളയാട്ടമാണ് കളി. കളിയുടെ ആനന്ദം വിഭവമാണ്. വിരുന്നുണ്ണുന്നവര്‍ അറിയണം വിഭവങ്ങളുടെ വീര ചരിതങ്ങള്‍.
ഓരോ വിത്തും ഒരു വിളിയാണ്. വിളയിലേക്കുള്ള വിളി. ഓരോ വിളയ്ക്കുമുണ്ട് വിത്താകാനും വിഭവമാകാനും ഒരു ഉള്‍പ്പുവിളി! വിണ്ടും വിത്താകാന്‍ വിളിക്കപ്പെടുന്ന വിള അതിന്റെ അടുത്ത ജന്മത്തില്‍ വിഭവമായേക്കാം. ഓരോ വിളയും വിരുന്നു മേശയിലേക്ക് യാത്ര ചെയ്യുകയാണ്. ഓരോ വിരുന്നും വിവിധ വിളകളുടെ മഹാബലിയാണ്. അതിനാല്‍ ഓരോ വിത്തും ഒരു മഹാബലിയിലേക്കുള്ള യാത്രയിലാണ്. വിളയുടെ ബലിയാണ് വിഭവം. ബലിയാകാനുള്ള, മഹാബലിയാകാനുള്ള വൈഭവമാണ് വിഭവത്തെ വിശിഷ്ടമാക്കുന്നത്. മഹാബലി എന്ന നന്‍മയുടെ വിത്തിനെ വാമനന്‍ മണ്ണിലേക്കു ചവിട്ടി താഴ്ത്തിയപ്പോഴാണ് ആ വിത്ത് ഒരു വിളയും വിഭവവുമായി മലയാളി സ്മൃതികളില്‍ രുചി സമൃദ്ധിയാകുന്നത്. അങ്ങനെയാണ് മഹാബലി, മലയാളിയുടെ മഹാവിരുന്നാകുന്നത്.
വിവിധ വിഭവങ്ങളുടെയും വൈഭവങ്ങളുടെയും ചരിത്രമായി കേരളം ലോകത്തിനു മുന്നില്‍ ഒരു ഓണസദ്യ പോലെ സ്വയം വിളമ്പി വെച്ചിരിക്കുകയാണ്. ലോകത്തെവിടെയും മലയാളി സാക്ഷര സംസ്‌കാരത്തിന്റെ വിരുന്നാകുമ്പോള്‍ ഇന്നിന്റെ വിരുന്നു മേശയിലേക്കുള്ള കേരളത്തിന്റെ ചരിത്ര വരികള്‍ നാം മറക്കരുത്. മലയാളിയെ മലയാളിയാക്കുന്ന ശ്രേഷ്ഠ ഭാഷയുടെ മലയാളിത്തം ഇന്നും എന്നും മലയാളിയുടെ വിശിഷ്ട ഭോജ്യമാകണം.
ഇന്നത്തെ മലയാളിക്കു വേണ്ടി വിഭവമായവരുടെ ബലിയിടങ്ങളില്‍ നാനാതരം സ്നേഹപ്പു ക്കള്‍കൊണ്ട് പുക്കളമിടാം. ഭാരതത്തിനും ലോകനന്മയ്ക്കുമായി സ്വയമൊരു ബലിയും വിരുന്നുമാകാനുള്ള ഉള്‍വിളിയെ പൂവിളിയാക്കാം.
ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത ഭാഗമാണിത്. പത്ത് വര്‍ഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റര്‍നാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രപഞ്ചമാനസത്തിന് ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.