പൊതുഗതാഗത രംഗത്ത് ഇലക്ട്രിക്, സി.എന്‍.ജി ബസുകള്‍: നീക്കവുമായി അസം സര്‍ക്കാര്‍

പൊതുഗതാഗത രംഗത്ത് ഇലക്ട്രിക്, സി.എന്‍.ജി ബസുകള്‍: നീക്കവുമായി അസം സര്‍ക്കാര്‍

ദിസ്പുര്‍: പ്രകൃതി സൗഹാര്‍ദമായ ഇലക്ട്രിക്, സി.എന്‍.ജി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. മലിനീകരണ മുക്തമായ വാഹനങ്ങള്‍ എന്ന ലക്ഷ്യവുമായി പൊതുഗതാഗത രംഗത്ത് ഇലക്ട്രിക്, സി.എന്‍.ജി ബസുകള്‍ എത്തിക്കാനുള്ള നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് അസം സര്‍ക്കാര്‍. 200 ഇലക്ട്രിക് ബസുകളും 100 സി.എന്‍.ജി. ബസുകളുമാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുന്നത്.

പ്രകൃതി സൗഹാര്‍ദ ബസുകള്‍ എത്തിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ഷര്‍മ നടത്തിയത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക്, സി.എന്‍.ജി ബസുകള്‍ എത്തിക്കുമെന്നും ആദ്യ ഘട്ടത്തില്‍ ഈ വാഹനങ്ങള്‍ ഗുവാഹാത്തി നഗരത്തില്‍ സര്‍വീസ് നടത്തുമെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഗുവാഹാത്തി നഗരത്തിലെ സിറ്റി സര്‍വീസുകളില്‍ ഇലക്ട്രിക്, സി.എന്‍.ജി ബസുകള്‍ മാത്രം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എ.എസ്.ടി.സി സിറ്റി സര്‍വീസില്‍ നിന്ന് ഡീസല്‍ ബസുകള്‍ നീക്കുമെന്നും ഇതിന് പകരമായി 200 ഇലക്ട്രിക് ബസുകളും 100 സി.എന്‍.ജി ബസുകളും ഉടന്‍ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായായിരിക്കും ഈ ബസുകള്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഇലക്ട്രിക് ബസുകള്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പുറമെ, ഡ്രൈവര്‍മാര്‍ക്കും പ്രത്യേക സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും ലോക്ഡൗണിലും പ്രതിസന്ധിയിലായ മറ്റ് ജില്ലകളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും 10000 രൂപ വരെ ധനസഹായം നല്‍കുമെന്നും അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലയിലുള്ളവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.