ഇന്ത്യക്കാരെ സുവിശേഷവല്‍ക്കരിക്കാന്‍ ആഗ്രഹിച്ച ലിമായിലെ വിശുദ്ധ റോസ

 ഇന്ത്യക്കാരെ സുവിശേഷവല്‍ക്കരിക്കാന്‍ ആഗ്രഹിച്ച ലിമായിലെ വിശുദ്ധ റോസ

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 23

പെറുവിന്റെ തലസ്ഥാനമായ ലിമായില്‍ 1586 ലാണ് റോസ ജനിച്ചത്. തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്' ലിമായിലെ വിശുദ്ധ റോസ. ഇസബെല്‍ എന്നായിരുന്നു പേരെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാന്‍ തുടങ്ങി. ബാല്യം മുതല്‍ അവള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു.

സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ച് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. അനുതാപവും സഹനങ്ങളും നിറഞ്ഞ വളരെ കഠിനമായ ഒരു സന്യാസ ജീവിതമായിരുന്നു വിശുദ്ധ റോസ നയിച്ചത്. ഇന്ത്യക്കാരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു റോസയുടെ ആഗ്രഹം.

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അനുതാപത്തിലും നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരുന്നത്. വിശുദ്ധയ്ക്ക് അഞ്ച് വയസ്് പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ തന്റെ നിഷ്‌കളങ്കത ദൈവത്തിനു വേണ്ടി കാത്ത് സൂക്ഷിക്കുമെന്ന് ദൃഡനിശ്ചയം ചെയ്തു.

ഒരു ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ സാധാരണയിലും കവിഞ്ഞ കഠിന ചര്യകളും ഉപവാസങ്ങളും അവള്‍ അനുഷ്ഠിക്കുമായിരുന്നു. നോമ്പ് കാലം മുഴുവനും അവള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ല. പകരം ഒരു ദിവസം വെറും അഞ്ച് നാരങ്ങ കൊണ്ട് ജീവന്‍ നിലനിര്‍ത്തി പോന്നു. അതിനു പുറമേ പിശാചിന്റെ നിരവധി പരീക്ഷണങ്ങള്‍ക്കും റോസ വിധേയയായിട്ടുണ്ട്.

വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും ശകാരങ്ങളും അവള്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ 'താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു.

1617 ഓഗസ്റ്റ് 24 ന് റോസ നിത്യസമ്മാനത്തിന് അര്‍ഹയായി. 1671 ല്‍ ക്ലമന്റ് പത്താമന്‍ പാപ്പായാണ് റോസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ''പെറു കണ്ട് പിടിക്കപ്പെട്ടതിനു ശേഷം ഇതുവരെ അനുതാപത്തിനു വേണ്ടി ഇത്രത്തോളം ജനകീയാവേശം ഉളവാക്കിയ മറ്റൊരു പ്രേഷിത ഉണ്ടായിട്ടില്ല.''- ഇതായിരുന്നു തന്റെ വിശുദ്ധീകരണ ലേഖനത്തില്‍ പാപ്പാ പറഞ്ഞത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ലാക്രെയിലെ അള്‍ട്രീജിയാനൂസും ഹിലരിനൂസും

2. ഫ്രാന്‍സിലെ ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന റീംസിലെ അപ്പൊളിനാരിസ്

3. ഓസ്തിയയിലെ ക്വിരിയാക്കൂസ്, മാക്‌സിമൂസ്, ആര്‍ക്കെലാവൂസ്

4. അഷേലീനാ





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.