വത്തിക്കാന്‍: സഹജീവികളില്‍ യേശുവിനെ ദര്‍ശിക്കാനും തിരിച്ചറിയാനുമുള്ള വിളി ദിവ്യകാരുണ്യത്തിലൂടെ അനാവൃതമാകുന്നതു തിരിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുര്‍ബാനയെന്ന കൂദാശയിലൂടെ ക്രിസ്തുവിനോട് നിരന്തരം അടുക്കാന്‍ ക്രിസ്ത്യാനികളോട് ഞായര്‍ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. അപ്പത്തിലൂടെയും വീഞ്ഞിലൂടെയും ദൈവപുത്രന്‍ ശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നതിലെ അസാധാരണത്വത്തെപ്പറ്റി വിവരിച്ചുകൊണ്ടായിരുന്നു സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ വചന സന്ദേശമേകിയത്.
അപ്പം വര്‍ദ്ധിപ്പിച്ചതിനോടനുബന്ധിച്ച് (ജോണ്‍ 6: 60-69) യേശുവിന്റെ പ്രസംഗത്തോടുള്ള ശിഷ്യന്മാരുടെ പ്രതികരണം പല തരത്തിലായിരുന്നു.'എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിത്യജീവന്‍ ഉള്ളൂ, അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും' എന്ന് യേശു പറഞ്ഞു. 'എന്തെന്നാല്‍ എന്റെ മാംസം യഥാര്‍ത്ഥ ഭക്ഷണവും എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്.' അപ്പം വര്‍ദ്ധിപ്പിച്ചതിന്റെ അടയാളം വ്യാഖ്യാനിക്കാനും അവനില്‍ വിശ്വസിക്കാനുമാണ് യേശു ശിഷ്യന്മാരെ തുടര്‍ന്നു ക്ഷണിച്ചത്.
യേശു പറഞ്ഞു, 'യഥാര്‍ത്ഥ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങുന്നു, അതാണ് ജീവന്റെ അപ്പം'.താന്‍ നല്‍കുന്ന അപ്പം സ്വന്തം ശരീരവും രക്തവുമാണെന്ന് അവന്‍ വെളിപ്പെടുത്തി.അപ്പോഴുള്ള ശിഷ്യന്മാരുടെ പ്രതികരണം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി എടുത്തുകാട്ടി: അവരില്‍ പലരും അത്തരമൊരു കഠിനമായ വാക്ക് വിശ്വസിക്കാന്‍ വിസമ്മതിച്ചു. ചിലരാകട്ടെ അവനെ പിന്തുടരുന്നത് നിര്‍ത്തി, അവരുടെ പഴയ ജീവിതരീതിയിലേക്ക് മടങ്ങുകയും ചെയ്തു.ആ സമയം, ബാക്കിയായ പന്ത്രണ്ടു പേരിലേക്ക് തിരിഞ്ഞ് അവരും പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് യേശു ചോദിച്ചു. അതേസമയം, യേശുവില്‍ മാത്രമേ 'നിത്യജീവന്റെ വാക്കുകള്‍' ഉള്ളൂവെന്ന് പത്രോസ് പ്രതികരിച്ചു.
'യേശുവിന്റെ വാക്കുകള്‍ വലിയ അസ്വാസ്ഥ്യത്തിന്് കാരണമായി,'പാപ്പാ പറഞ്ഞു.പക്ഷേ, ദൈവം തന്നെത്തന്നെ വെളിപ്പെടുത്താനും മനുഷ്യശരീരത്തിന്റെ ബലഹീനതയില്‍ രക്ഷ നേടാനും തീരുമാനിക്കുകയായിരുന്നു ദിവ്യകാരുണ്യത്തിലേക്കുള്ള രൂപാന്തരത്തിലൂടെ.ദൈവപുത്രന്റെ ഈ പുനരവതാരം, ചരിത്രത്തിലുടനീളം അനേകരുടെ ഹൃദയങ്ങളില്‍ യേശുവിലുള്ള വിശ്വാസത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
മാര്‍പ്പാപ്പ പറഞ്ഞു, 'നിത്യജീവന്‍ പകരുന്ന യഥാര്‍ത്ഥ രക്ഷയുടെ അപ്പം സ്വന്തം മാംസം തന്നെയാണെന്ന് യേശു സ്ഥിരീകരിക്കുന്നു; നിയമങ്ങളെ അനുസരിക്കുകയും മതപരമായ പ്രമാണങ്ങള്‍ക്കു വഴങ്ങുകയും ചെയ്യുന്നതിനപ്പുറത്ത് , ദൈവവുമായി യഥാര്‍ത്ഥവും ദൃഢതരവുമായ ബന്ധം ജീവിതത്തില്‍ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയാണിതു വ്യകതമാക്കുന്നത്.
ദൈവത്തെ വെറും സ്വപ്നങ്ങളിലോ മഹത്വത്തിന്റെ മിഥ്യാധാരണകളിലോ പിന്തുടരാനാവില്ല. മറിച്ച് യേശു ക്രിസ്തുവില്‍ അവനുമായുള്ള സജീവമായ ബന്ധത്തിലൂടെയാകണം അത് സാധ്യമാകേണ്ടത്. യേശുവിനെ പിന്തുടരുക എന്നതിനര്‍ത്ഥം അവന്റെ മാനവികതയെയും അംഗീകരിച്ചുകൊണ്ട്, ജീവിതത്തെരുവുകളില്‍ നാം കണ്ടുമുട്ടുന്ന സഹോദരീ സഹോദരന്മാരെയും തിരിച്ചറിയുക എന്നാണ്- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
യേശുവിന്റെ മാനവികതയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ഇന്നും അപകീര്‍ത്തിക്കും അസ്വസ്ഥതയ്ക്കും വിധേയരാകുന്നുണ്ട്.അത്ഭുതങ്ങള്‍ അല്ലെങ്കില്‍ ലൗകിക ജ്ഞാനം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് സുവിശേഷം 'വിഡ്ഢിത്ത' മാണെന്ന് വിശുദ്ധ പൗലോസ് പറഞ്ഞത് ഈയര്‍ത്ഥത്തിലാണ്. കുര്‍ബാനയെന്ന കൂദാശയെ ഈ 'അപകീര്‍ത്തി' ചൂഴ്ന്നു നില്‍ക്കുന്നു. ഒരു കഷണം റൊട്ടിക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നതിന് ലോകത്തിന്റെ കണ്ണില്‍ എന്ത് അര്‍ത്ഥമുണ്ടാകാന്‍? എന്തുകൊണ്ടാണ് ഈ അപ്പം തന്നെ ആഹാരമാക്കുന്നതെന്ന ചോദ്യവുമുയരാം.
യേശു അപ്പം വര്‍ദ്ധിപ്പിച്ചത് സമകാലികര്‍ക്കിടയില്‍ വലിയ പ്രശംസയുണ്ടാക്കി. എന്നാല്‍ അവിടുത്തെ ത്യാഗത്തിന്റെ അടയാളമെന്ന നിലയിലുള്ള വ്യാഖ്യാനമാകട്ടെ അവരില്‍ പലര്‍ക്കും അസ്വീകാര്യമായെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 'യേശുക്രിസ്തു നമ്മെ പ്രതിസന്ധിയിലാക്കുന്നുണ്ട്.അതേസമയം, അവന്‍ നമ്മെ പ്രതിസന്ധിയിലാക്കുന്നില്ലെങ്കിലാണ് നമ്മള്‍ വിഷമിക്കേണ്ടത്. കാരണം നമ്മിലൂടെ അവന്റെ സന്ദേശം സജീവമാകുന്നതങ്ങനെയാണ് !'
യേശുവിന്റെ 'നിത്യജീവ വചനങ്ങളായി' കൃപ പരിവര്‍ത്തനം ചെയ്യപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. 'തന്റെ പുത്രനായ യേശുവിനെ ജഡത്തില്‍ പ്രസവിക്കുകയും അവന്റെ ത്യാഗത്തില്‍ സ്വയം പങ്കുചേരുകയും ചെയ്ത പരിശുദ്ധ മറിയം, നമ്മുടെ യഥാര്‍ത്ഥ ജീവിതത്തില്‍ വിശ്വാസത്തിന് എപ്പോഴും സാക്ഷ്യം വഹിക്കാന്‍ സഹായിക്കട്ടെ.'- മാര്‍പാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26