കാബൂള്‍: ഡൗണ്‍ലോഡ് ചെയ്ത ബൈബിളോ ക്രിസ്തീയ രൂപങ്ങളോ സെല്‍ ഫോണില്‍ കണ്ടെത്തിയാല്‍ ഉടമകളെ അപ്പോള്‍ തന്നെ താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനില്‍. യാത്ര ചെയ്യുന്നവരുടെ ഫോണുകള്‍ പിടിച്ചു വാങ്ങി പരിശോധിക്കുന്നു ഇതിനു വേണ്ടി. ബൈബിള്‍ ഉണ്ടോയെന്നറിയാന്‍ വേണ്ടി മാത്രം വീടുകളിലും തെരച്ചില്‍ നടത്തുന്നുണ്ട് പലയിടത്തും.
തങ്ങള്‍ മിതവാദികളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം താലിബാന്‍ നടത്തുന്നതിനിടെയും, ബൈബിള്‍ കൈവശം വെച്ച ഒരു അഫ്ഗാന്‍ പൗരനെ ഭീകരര്‍ വധിച്ചതായുള്ള വിവരവും ഇതിനിടെ പുറത്തുവന്നു.താലിബാന്‍ തങ്ങളുടെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്ളവരെ കൂട്ടക്കുരുതി നടത്താന്‍ സാധ്യതയുണ്ടെന്ന് ലോകമെമ്പാടും വിവിധ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സര്‍ക്കാരിതര സംഘടനയായ റിപ്‌റ്റോയുടെ അധ്യക്ഷന്‍ ക്രിസ്ത്യന്‍ നെല്ലിമാന്‍ ഇതിനിടയില്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ വാര്‍ത്താ സ്രോതസുകളില്‍ നിന്ന്് ഭയജനകമായ നിരവധി വിവരങ്ങള്‍ ലഭിച്ചെന്നു വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് അമേരിക്കയിലെ സാറ്റ് 7 എന്ന വാര്‍ത്താ വെബ്‌സൈറ്റ് പങ്കുവെച്ചു. 'അഫ്ഗാനികള്‍ക്ക് അവരുടെ ഫോണുകളില്‍ ക്രിസ്ത്യാനികളുമായി ബന്ധമുള്ള യാതൊന്നും ഉണ്ടായിക്കൂടാ. അവിശ്വസനീയമാംവിധം അപകടകരമാണത്. താലിബാന് എല്ലായിടത്തും ചാരന്മാരും വിവര ദാതാക്കളുമുണ്ട്.'- റിപ്പോര്‍ട്ടില്‍ പറയുന്നു.മറ്റ് ക്രിസ്ത്യാനികളുടെ കൂട്ടായ്മ തേടുന്നത് വളരെ അപകടകരമായതിനാല്‍, പല അഫ്ഗാന്‍ വിശ്വാസികളും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു നില്‍ക്കുകയാണിപ്പോള്‍.
താലിബാന്‍ ഭരണം കൈപ്പിടിയിലൊതുക്കുന്നതിന് മുമ്പു തന്നെ പലയിടത്തും ക്രൈസ്തവര്‍ രഹസ്യമായിട്ടായിരുന്നു രാജ്യത്തു ജീവിച്ചിരുന്നത്. ഇപ്പോഴാകട്ടെ സ്ഥിതി അത്യധികം അപകട പൂര്‍ണ്ണമായി.അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ, ഹിന്ദു, സിക്ക്, ഷിയാ സമൂഹങ്ങള്‍ക്ക് വലിയ ക്ലേശങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് വേയിന്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഖാലിദ് ബേയ്ദൂനും പ്രസ്താവിച്ചിരുന്നു.
അഫ്ഗാനില്‍ ക്രൈസ്തവ പീഡനം നടക്കുന്നതായി യുകെയിലെ 'എക്‌സ്പ്രസ്' തുടങ്ങി പല മാധ്യമങ്ങളും വിവിധ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്രൈസ്തവര്‍ നേരിടുന്ന ദാരുണാവസ്ഥ 'റിലീസ് ഇന്റര്‍നാഷണല്‍' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ബ്രിട്ടനിലെ വക്താവ് ആന്‍ഡ്രു ബോയിഡ് ജിബി ന്യൂസ് എന്ന് മാധ്യമത്തോട് വിശദീകരിച്ചു.നോര്‍വെയിലെ കണ്‍ട്രി ഓഫ് ഒര്‍ജിന്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രഹസ്യമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ചെറിയ ക്രൈസ്തവ ന്യൂനപക്ഷമാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
ക്രൈസ്തവ വിശ്വാസം സ്വീകരണം അഫ്ഗാനിസ്ഥാനില്‍ ജയില്‍ശിക്ഷയോ, വധശിക്ഷ പോലുമോ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണെന്നു വ്യക്തം. താലിബാന്‍ ഭരണം പിടിച്ചതോടെ ജീവന്‍ പോലും നഷ്ടപ്പെടുമോ എന്ന പേടി മൂലം ക്രൈസ്തവരുടെ അവസ്ഥ കൂടുതല്‍ വഷളായി. ഷിയാ വിഭാഗത്തിലെ ഹസാരാ വംശജരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരില്‍ പലരും. യാഥാസ്ഥിതികത്വത്തോട് കൂറു പുലര്‍ത്താത്ത ഈ വിഭാഗത്തോട് അതിക്രൂരതയാണ് താലിബാന്‍ പ്രകടമാക്കിവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.