കര്‍ഷകസമരം; ഗതാഗതം തടസപ്പെടുത്തരുത്: സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതി

കര്‍ഷകസമരം;  ഗതാഗതം തടസപ്പെടുത്തരുത്: സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന കര്‍ഷകർ റോഡ് തടഞ്ഞുള്ള പ്രതിഷേധം പാടില്ലെന്ന് സുപ്രീംകോടതി. സമരം നടത്താന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ട്. എന്നാൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.

കര്‍ഷക സമരത്തെത്തുടര്‍ന്ന് ഗതാഗത തടസം നേരിടുന്നത് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. മാര്‍ക്കറ്റിങ് ജോലിയിലേര്‍പ്പെടുന്ന തനിക്ക് ഗതാഗത തടസം മൂലം 20 മിനിറ്റിന്റെ സ്ഥാനത്ത് രണ്ടു മണിക്കൂര്‍ വേണ്ടി വരുന്നുവെന്നും ഇതോടെ യാത്ര പേടിസ്വപ്‌നമായി മാറിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എസ് കെ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗതാഗത തടസം ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പോംവഴി കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.

പരിഹാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമാണ്. സമരത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കാനാവില്ല. കര്‍ഷക സമരത്തില്‍ ഇതുവരെ ഒരു പരിഹാരം കണ്ടെത്താനാവാത്തത് എന്തുകൊണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് കൗള്‍ ചോദിച്ചു.

പാര്‍ലമെന്റ് പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ഈ വര്‍ഷം ജൂലൈ 19 ന് ഗതാഗത തടസം മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ യുപി, ഹരിയാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.