കമ്പനികളുമായുള്ള നികുതി തർക്ക കേസുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ

കമ്പനികളുമായുള്ള നികുതി തർക്ക കേസുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ

മുംബൈ: വിവിധ കമ്പനികളുമായി നിലനിൽക്കുന്ന നികുതി തർക്ക കേസുകൾ ഒഴിവാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആദായനികുതി നിയമഭേദഗതിയിലൂടെ പൂർവകാല പ്രാബല്യമുള്ള മൂലധനനേട്ട നികുതി ഒഴിവാക്കിയതോടെയാണ് 17 കമ്പനികളുമായുള്ള നികുതി തർക്ക കേസുകൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയത്.

എന്നാൽ കമ്പനികൾ സർക്കാരിനെ സമീപിക്കുന്നതുവരെ കാത്തിരിക്കാതെ കമ്പനികളെ അങ്ങോട്ടുസമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി, പുതിയ നിയമപ്രകാരം ഒത്തുതീർപ്പിന് അർഹമായ കേസുകൾ കണ്ടെത്താനും വിശദാംശങ്ങൾ അറിയിക്കാനും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ ജെ.ബി മൊഹപത്ര ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർമാർക്ക് നിർദേശം നൽകിയതായാണ് വിവരം.

ഇത്തരം നികുതി തർക്ക കേസുകൾ സർക്കാരിനും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കമ്പനികൾ കേസുകൾ പിൻവലിക്കാതിരുന്നാൽ അതു സർക്കാരിനു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ഇവ എത്രയുംവേഗം തീർപ്പാക്കാനാണ് തീരുമാനം.

എന്നാൽ കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നഷ്ടപരിഹാരമോ പലിശയോ ആവശ്യപ്പെടരുതെന്നും കേസുകളെല്ലാം പിൻവലിക്കണമെന്നുമാണ് ഇതിൽ പ്രധാനം. നിർദേശങ്ങൾ അംഗീകരിച്ചാൽ പിടിച്ചെടുത്ത പണം തിരിച്ചുനൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഇവ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പണം എപ്പോൾ തിരികെ ലഭിക്കും, മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങൾ വരുമോ തുടങ്ങിയ ആശങ്കകൾ കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി ഏഴുകമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

നിലവിൽ 2012-ലെ നിയമഭേദഗതിയിലൂടെ മൂന്നുകമ്പനികളിൽ നിന്നായി സർക്കാർ 8,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 7,900 കോടിയും കെയിൻ എനർജിയുടേതാണ്. വോഡഫോണിൽനിന്ന് 44.7 കോടിയും ഡബ്ല്യു.എൻ.എസിൽനിന്ന് 48 കോടിയുമാണ് പിടിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് ഇതുമാത്രമാണ് തിരിച്ചുനൽകേണ്ടതായി വരുക. അതുകൊണ്ടുതന്നെ മറ്റുകമ്പനികളുടെ കേസുകൾ പിൻവലിക്കാൻ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.