കാബൂളില്‍ നിന്ന് തങ്ങളുടെ വിമാനം റാഞ്ചിയെന്ന് ഉക്രെയ്‌നിലെ മന്ത്രി; സര്‍ക്കാരിന്റെ നിഷേധവും

കാബൂളില്‍ നിന്ന് തങ്ങളുടെ വിമാനം റാഞ്ചിയെന്ന് ഉക്രെയ്‌നിലെ മന്ത്രി; സര്‍ക്കാരിന്റെ നിഷേധവും


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉക്രെയ്ന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ വിമാനം ചിലര്‍ റാഞ്ചിയെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതില്‍ ദുരൂഹത. ഉക്രെയ്ന്‍ പൗരന്മാര്‍ വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പേ ഒരു കൂട്ടം ആളുകള്‍ അനധികൃതമായി പ്രവേശിച്ച് വിമാനം തട്ടിയെടുക്കുയായിരുന്നെന്നാണ് മന്ത്രി വിശദീകരിച്ചത്. അതേസമയം, ഇങ്ങനെയൊരു വിമാനം എത്തിയിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോയ വിമാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഒലെഗ് നിക്കോലെന്‍കോ വ്യക്തമാക്കി.അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഉക്രെയ്‌നില്‍ നിന്ന് അയച്ച എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തിയതായും അദ്ദേഹം പറഞ്ഞു.ഇതുവരെ മൂന്ന് വിമാനങ്ങളിലായി 256 പേരെ ഒഴിപ്പിച്ചു.

റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, വിമാനം തട്ടിയെടുത്തവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്റെ പ്രതികരണം ഇങ്ങനെയും: 'വിമാനം ഭാഗികമായി മോഷ്ടിക്കപ്പെട്ടു'. ഉക്രൈയിന്‍ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അടിയന്തര ഘട്ടത്തില്‍ എന്ന പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വിഷയത്തില്‍ എന്നും യെനീന്‍ കൂട്ടിച്ചേര്‍ത്തു.

നൂറോളം ഉക്രൈയിന്‍ പൗരന്മാര്‍ അഫ്ഗാനില്‍ ഇപ്പോഴും ഉണ്ടെന്നാണ് കണക്ക്.കഴിഞ്ഞ ഞായറാഴ്ച ഒരു സൈനിക വിമാനത്തില്‍ കാബൂളില്‍ നിന്നും ഉക്രൈയിന്‍ പൗരന്മാരെ തലസ്ഥാനമായ കീവില്‍ എത്തിച്ചിരുന്നു. ഇതില്‍ ഉക്രൈയിന്‍ പൗരന്മാര്‍ അടക്കം ആകെ 83 പേരാണ് ഉണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.