അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 25
ഫ്രാന്‍സിലെ
രാജാവായിരുന്ന ലൂയിസ് എട്ടാമന്റെ മകനായി 1205 ലാണ് ലൂയീസ് ജനിച്ചത്.അദ്ദേഹത്തിന്
പന്ത്രണ്ടു വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. തുടര്‍ന്ന് രാജ്യാവകാശിയായിത്തീര്‍ന്ന ലൂയിസിന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അമ്മ ബ്ലാഞ്ചിയ രാജ്യഭരണം ഏറ്റെടുത്തു.
സുകൃതിനിയും ധര്‍മ്മ നിരതയുമായിരുന്ന രാജ്ഞി തന്റെ മകന് ഭക്തിയോടും വിവേകത്തോടും നീതിയോടും കൂടി രാജ്യഭരണം നിര്‍വ്വഹിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. 'ഒരമ്മയ്ക്ക് കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എന്റെ മുമ്പാകെ നീ മരിച്ചു കിടക്കുന്നതു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- എന്നാണ് അവള്‍ മകനോടു പറഞ്ഞിരുന്നത്.
തന്റെ ഇരുപത്തൊന്നാമത്തെ വയസില്‍ ലൂയിസ് രാജ്യഭരണം നേരിട്ടേറ്റെടുത്തു. ദൈവമഹത്വത്തിനായി പ്രയത്നിക്കണമെന്നുള്ളതായിരുന്നു യുവ രാജാവിന്റെ ജീവിതോദ്ദേശം. രാജ്യഭരണ സംബന്ധമായ ജോലിത്തിരക്കുകള്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതത്തെ തെല്ലും ബാധിച്ചില്ല. പ്രതിദിനം പ്രാര്‍ത്ഥനയ്ക്കായി വളരെയധികം സമയം ചെലവഴിച്ചിരുന്ന അദ്ദേഹം കാനോന ജപങ്ങള്‍ ചൊല്ലുന്നതിലും ഏറ്റവും കുറഞ്ഞത് രണ്ടു കുര്‍ബാനയിലെങ്കിലും പങ്കെടുക്കുന്നതിലും മുടക്കം വരുത്തിയിരുന്നില്ല.
ഒരു രാജാവെന്ന നിലയില്‍ വിശുദ്ധന് സകലവിധ സൗഭാഗ്യങ്ങളോടു കൂടി ജീവിക്കാമായിരുന്നിട്ടും ദൈവസന്നിധിയില്‍ തപശ്ചര്യകള്‍ക്കുള്ള പ്രാധാന്യത്തെ മനസിലാക്കിയ രാജാവ് പലപ്പോഴും ഉപവാസം അനുഷ്ഠിച്ചിരുന്നു. മാത്രമല്ല, രാജോചിതമായ പട്ടു വസ്ത്രങ്ങള്‍ക്കുള്ളില്‍ പരുപരുത്ത ഒരു രോമക്കുപ്പായവും അദ്ദേഹം ധരിച്ചിരുന്നു. രാജ്യത്തുള്ള ദരിദ്രരെയും നിരാലംബരേയും സംരക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദരിദ്രരെ സമ്പന്നര്‍ ദ്രോഹിക്കാതിരിക്കാന്‍ വേണ്ടുന്ന നിയമങ്ങള്‍ അദ്ദേഹം പ്രാബല്യത്തില്‍ വരുത്തി. അമിത പലിശയും ദൈവദൂഷണവും നിയമ വിരുദ്ധമാക്കി.
ക്രിസ്തുമത വിദ്വേഷികളുടെ സ്വാധീനത്തിലായിരുന്ന വിശുദ്ധ സ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിനായി 1248-ല്‍ തന്റെ സൈന്യവുമായി അദ്ദേഹം ഈജിപ്തിലേയ്ക്കു പുറപ്പെട്ടു. ആദ്യം പ്രശസ്തമായ ചില വിജയങ്ങള്‍ നേടിയെങ്കിലും അവസാനം പിന്മാറേണ്ടതായി വന്നു. മാത്രമല്ല, അദ്ദേഹം കുറെക്കാലം കാരാഗൃഹവസം അനുഭവിക്കുകയും ചെയ്തു. 1270 ല്‍ കുരിശുയുദ്ധത്തിനു പുറപ്പെട്ട ലൂയിസ് രാജാവ് ട്യൂണിസ് എന്ന സ്ഥലത്തു വച്ച് കഠിനമായ പനി ബാധിച്ച് മരണമടഞ്ഞു. 'കര്‍ത്താവേ, അങ്ങയുടെ തൃക്കരങ്ങളില്‍ ഞാനെന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' - ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.
ട്രിനിറ്റാരിയന്‍ മൂന്നാം സഭയില്‍ അംഗമായിരുന്ന ലൂയീസ്, ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഒരു ശക്തനായ സഹായി കൂടിയായിരുന്നു. അതിനാല്‍ തന്നെ, രാജാവിന്റെ സഹായങ്ങള്‍ക്ക് പ്രത്യുപകാരമായും അദ്ദേഹത്തിന്റെ കത്തോലിക്കാപരമായ ജീവിതമാതൃകയും വിശുദ്ധ ബൊനവന്തൂരയെ ആകര്‍ഷിച്ചിരിന്നു. ടുണീസില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെടുന്നതിനു ഒരു ദശകം മുന്‍പ് തന്നെ വിശുദ്ധ ബൊനവന്തൂര ഫ്രാന്‍സിസ്‌കന്‍ സഭയുടെ ജനറല്‍ സമ്മേളനത്തില്‍ വെച്ച് വര്‍ഷം തോറും ഒരു ദിവസം വിശുദ്ധന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഭക്തിയും ആചരിക്കേണ്ടത് ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സമിതി ആ നിര്‍ദ്ദേശം സ്വീകരിക്കുകയും ലൂയീസ് ഒമ്പതാമന്റെ മരണശേഷം ഉടന്‍ തന്നെ ഫ്രാന്‍സിസ്‌കന്‍ സഭ അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്ക് വേണ്ടിയുള്ള പ്രചാരണം തുടങ്ങുകയും ചെയ്തു. ലൂയീസ് ഒമ്പതാമന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ഉടന്‍തന്നെ സെക്കുലര്‍ ഫ്രാന്‍സിസ്‌കന്‍ സഭയും ഫ്രാന്‍സിസ്‌കന്‍ തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍ സഭയും അദ്ദേഹത്തെ തങ്ങളുടെ സംരക്ഷകനും മധ്യസ്ഥനുമായി ആദരിച്ചു തുടങ്ങി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അരേദിയൂസ്
2. നോര്‍ത്തമ്പ്രിയായിലെ എബ്ബാ സീനിയര്‍
3. എവുസെബിയൂസ്, പോണ്‍ശിയന്‍, വിന്‍സെന്റ്, പെരഗ്രിനൂസ്
4. റോമാക്കാരനായ ജെനേസിയൂസ്
https://cnewslive.com/author/15157/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.