സര്‍ക്കാറിന് മുന്നറിയിപ്പുമായി സി.പി.എം; സ്വയം അധികാര കേന്ദ്രം ആകുന്നവരെ നേരിടണം

സര്‍ക്കാറിന് മുന്നറിയിപ്പുമായി സി.പി.എം; സ്വയം അധികാര കേന്ദ്രം ആകുന്നവരെ നേരിടണം

കണ്ണൂര്‍: സ്വയം അധികാര കേന്ദ്രം ആകുന്നവരെ നേരിടണമെന്ന് സര്‍ക്കാരിന് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. തുടര്‍ഭരണമാകുമ്പോള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ദുഃസ്വാധീനത്തിന് വിധേയമാക്കാന്‍ ശ്രമങ്ങളുണ്ടായേക്കാമെന്നും വഴങ്ങരുതെന്നുമാണ് സി.പി.എം മുന്നറിയിപ്പ് നല്‍കുന്നത്. തുടര്‍ച്ചയായി അധികാരത്തിലെത്തിയ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ 'പാര്‍ട്ടിയും ഭരണവും' എന്ന രേഖയിലാണ് നിര്‍ദേശം.

പ്രധാന നിര്‍ദേശങ്ങള്‍ പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വിവരിച്ചു. പഴയകാല ത്യാഗത്തിന്റെ പേരില്‍ മാത്രം പാര്‍ട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല. വര്‍ത്തമാനകാലത്തെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട് ജനതയെ നയിക്കാന്‍ പ്രാപ്തമാണ് എന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ എന്നും കോടിയേരി ഓര്‍മിപ്പിച്ചു.

തുടര്‍ഭരണം സോവിയറ്റ് യൂണിയനിലെയും ബംഗാളിലെയും പാര്‍ട്ടിക്കുണ്ടാക്കിയ വിനകളെ സൂചിപ്പിച്ച് അതിലെ അനുഭവങ്ങള്‍ പാഠമാകണമെന്ന ആമുഖത്തോടെയാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍. സ്വയം അധികാരകേന്ദ്രമാവുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാവും. അത്തരം പ്രവണതകളെ നേരിടാനാകണം. വ്യക്തിഗതമായ വിദ്വേഷങ്ങളും താത്പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന രീതി ഉണ്ടാവരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഭരിക്കാന്‍ പ്രാപ്തരായവരെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. അവര്‍ ചുമതല കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കും, പിശകുകളുണ്ടെങ്കില്‍ തിരുത്തിക്കും. എന്നാല്‍, ദൈനംദിന ഭരണത്തില്‍ പാര്‍ട്ടി ഒരുതരത്തിലും ഇടപെടരുത്. സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാനദണ്ഡമനുസരിച്ച് മാത്രമാകണം. മണല്‍, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യത കൂടുതലായതിനാല്‍ ജാഗ്രത വേണം. ഈ മേഖലയില്‍ അഴിമതിക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സ്ഥലംമാറ്റത്തില്‍ മാനദണ്ഡം പാലിക്കുക, സ്‌പെഷ്യല്‍ ഓര്‍ഡറുകള്‍ നിരുത്സാഹപ്പെടുത്തുക, പി.എസ്.സി നിയമനത്തിന് പകരം വര്‍ക്ക് അറേഞ്ച്മെന്റ് സംവിധാനം പാടില്ല, ഒഴിവുകള്‍ യഥാസമയം നികത്തണം, ഉയര്‍ന്ന തസ്തികയിലുള്ളവരെ അതില്‍ താഴെയുള്ള തസ്തികയിലേക്ക് ഡെപ്യൂട്ടേഷനില്‍ അയക്കുന്ന പ്രവണത പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും രേഖയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.