തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്യാൻ സ്പ്രിൻക്ലർ കമ്പനിക്കു നൽകിയ കരാറിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോർട്ട്. 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിനു ലഭ്യമായെന്നും സമിതി കണ്ടെത്തി. സർക്കാർ നിയമോപദേശം തേടാത്തത് വീഴ്ചയാണ്. വിവരച്ചോർച്ച കണ്ടെത്താൻ സർക്കാരിന് ശാസ്ത്രീയ സംവിധാനങ്ങളില്ലെന്നും മാധവൻ നമ്പ്യാർ-ഗുൽഷൻ റോയി എന്നിവരടങ്ങിയ സമിതി റിപ്പോർട്ടിൽ പറയുന്നു.
23 പേജുള്ളതാണ് റിപ്പോർട്ട്. കരാറിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സഹായം വാഗ്ദാനം ചെയ്ത് സർക്കാറിനെ സമീപിച്ചത് സ്പ്രിംക്ലറാണെന്നും നിയമസെക്രട്ടറിയുടെ ഉപദേശമോ ആരോഗ്യവകുപ്പിന്റെ അഭിപ്രായമോ തേടാതെ കരാറിൽ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിൻക്ലറിന് ലഭ്യമായി. പക്ഷേ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവസ്വഭാവമുള്ള വിവരങ്ങൾ കമ്പനിക്കു ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. പനി, തലവേദന, ഛർദി തുടങ്ങിയ അസുഖങ്ങളുടെ വിവരങ്ങളാണ് കമ്പനിക്കു കൈമാറിയത്.
കഴിഞ്ഞ മാസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്പ്രിന്‍ക്ലറുമായി കരാര്‍ തുടരേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സിഡിറ്റിനെയും ഐടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണമെന്നും സി ഡിറ്റ് ജീവനക്കാര്‍ക്കു പരിശീലനം നല്‍കണമെന്നും സമിതി ശുപാർശ ചെയ്തു. വിവര സുരക്ഷ ഉറപ്പാക്കാൻ എട്ടിന നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.