കോവിഡ് മൂലം ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന് 25,000 കോടിയുടെ നഷ്ടം: മുഖ്യമന്ത്രി

കോവിഡ് മൂലം ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന് 25,000 കോടിയുടെ നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 ടൂറിസം മേഖലയില്‍ വലിയ ആഘാതമുണ്ടാക്കിയെന്നും ഇത് സംസ്ഥാനത്തിന് 25,000 കോടിയുടെ നഷ്ടമുണ്ടാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല, നിരവധി വെല്ലുവിളികളെ അതിജീവിച്ച് മുന്നേറ്റം നടത്തുന്നതിനിടെയാണ് കോവിഡ് വന്നത്. ഇത് ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. 15 ലക്ഷത്തോളം ആളുകള്‍ തൊഴിലെടുത്തിരുന്ന മേഖലയില്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് കാലത്തെ അതിജീവിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയില്‍ കേരളം വലിയ മുന്നേറ്റം ഉണ്ടാക്കും. 14 ജില്ലകളിലായി തുടക്കമിടുന്ന 26 ടൂറിസം പദ്ധതികള്‍ അതിന് ഉതകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പരമാവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേരളം സഞ്ചാരികളുടെ പറുദീസയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം പൊന്മുടി, കൊല്ലം മലവേല്‍പ്പാറ, പാലാ ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ്, ഇടുക്കി അരുവിക്കുഴി ടൂറിസം, മലപ്പുറം കോട്ടക്കുന്ന്, വയനാട് ചീങ്ങേരിമല റോക്ക് അഡ്വെഞ്ചര്‍ ടൂറിസം തുടങ്ങിയവയാണ് ഇന്ന് തുടക്കം കുറിച്ച പ്രധാന പദ്ധതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.