പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: പശ്ചിമ ബംഗാളിന്റെ അന്വേഷണം ഉടന്‍ വേണ്ടെന്ന് സുപ്രീംകോടതി

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: പശ്ചിമ ബംഗാളിന്റെ അന്വേഷണം ഉടന്‍ വേണ്ടെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ വേണ്ടെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ സൂചന നല്‍കി. പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ബംഗാള്‍ കേസും പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗസസ് നിരീക്ഷിച്ചു വെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ സമിതി രൂപീകരിച്ചത്. റിട്ട. ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണം തല്‍ക്കാലം തുടങ്ങേണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദേശം.

പെഗസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കൂടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്തമാക്കി. പെഗസസ് ഹര്‍ജികളില്‍ അടുത്ത ആഴ്ച സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും ചീഫ് ജസ്റ്റിസ് നല്‍കി. അതിന് മുമ്പ് ബംഗാള്‍ സര്‍ക്കാരിന്റെ ജുഡീഷ്യല്‍ സമിതി അന്വേഷണം തുടങ്ങിയാല്‍ അതിനെതിരെ ഉത്തരവിറക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.