'ഞങ്ങളെയും കൂടി കൊണ്ടു പോകൂ...'അഴുക്കു ചാലില്‍ തിങ്ങി നിറഞ്ഞ് അഫ്ഗാന്‍ ജനതയുടെ അപേക്ഷ അമേരിക്കന്‍ സൈനികരോട്

'ഞങ്ങളെയും കൂടി കൊണ്ടു പോകൂ...'അഴുക്കു ചാലില്‍ തിങ്ങി നിറഞ്ഞ് അഫ്ഗാന്‍ ജനതയുടെ അപേക്ഷ  അമേരിക്കന്‍ സൈനികരോട്


കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്ന് കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് വീണ്ടും വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയതാണ് കാബൂള്‍ വിമാനത്താവളത്തിനടുത്തുള്ള അഴുക്കു ചാലില്‍ നിന്നുള്ള കാഴ്ച.

മലിനജലം ഒഴുകുന്ന കനാലില്‍ ഇറങ്ങിനിന്ന് തങ്ങളെ രക്ഷിക്കാനായി അമേരിക്കന്‍ സൈനികരോട് അപേക്ഷിക്കുന്ന അഫ്ഗാന്‍ ജനതയുടെ ചങ്കുലയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. എയര്‍പോര്‍ട്ടിന് സമീപത്തെ കമ്പിവേലിക്കും മതിലിനോടും ചേര്‍ന്നൊഴുകുന്ന അഴുക്ക് ചാലിലാണ് ജനങ്ങള്‍ ഇറങ്ങി നില്‍ക്കുന്നത്. പാസ്പോര്‍ട്ടും മറ്റു രേഖകളും ഉയര്‍ത്തിക്കാട്ടി ഇവര്‍ അമേരിക്കന്‍ സേനയോട് തങ്ങളെക്കൂടി കൊണ്ടുപോകാന്‍ അപേക്ഷിക്കുകയാണ്.

അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിടുന്നത് താലിബാന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇത് വകവയ്ക്കാതെ നിരവധി പേരാണ് എയര്‍പോര്‍ട്ടുകളിലേക്ക് എത്തുന്നത്. താലിബാന്റെ ക്രൂരതയില്‍ നിന്നും രക്ഷ നേടാന്‍ എങ്ങിനെയും രാജ്യം വിടുക എന്നതാണ് ലക്ഷ്യം.

അതേസമയം ഓഗസ്റ്റ് 31ന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ തങ്ങരുത് എന്നാണ് താലിബാന്റെ അന്ത്യശാസനം. യുഎസിന്റെ ഒഴിപ്പിക്കല്‍ നീളുന്ന സാഹചര്യത്തിലാണ് താലിബാന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അമേരിക്കയ്ക്ക് തങ്ങളുടെ പൗരന്‍മാരേയും ഉദ്യോഗസ്ഥരെയും കൊണ്ടു പോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടു പോകരുത് എന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.