ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദസംഘടനകള്‍ക്കുമെതിരെ പൊതുസമൂഹം ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം കേരളത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത് ഞെട്ടിക്കുന്നതാണ്. 2020 ജൂലൈയില്‍ യുഎന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന്റെയും കേരളത്തിലെ വിരമിച്ച ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നത് വലിയ ഭവിഷ്യത്തുകള്‍ ക്ഷണിച്ചു വരുത്തും.

ഭീകരവാദസംഘടനകള്‍ ലോകമെമ്പാടും അതിക്രൂരതയോടെ അഴിഞ്ഞാടുമ്പോഴും അതിനെ തള്ളിപ്പറയാതെ ഭരണഅധികാരവും വോട്ടുബാങ്കും മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ നിസംഗതയും ന്യായീകരണങ്ങളും അടവുനയവും നിഷ്‌ക്രിയത്വവും അമ്പരപ്പിക്കുന്നതാണെന്നും വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ ഭീകരവാദികള്‍ക്കു മുമ്പില്‍ പ്രതികരണശേഷിയും ആര്‍ജ്ജവവും നഷ്ടപ്പെട്ട് നിശബ്ദരായിരിക്കുന്നത് സമൂഹത്തിന് അപമാനമാണ്.

ഭരണരാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല വിദ്യാഭ്യാസം, കാര്‍ഷികം, ഭൂമി, ആരോഗ്യരംഗം, ബിസിനസ്, വ്യവസായം തുടങ്ങി വിവിധങ്ങളായ ജനകീയ തലങ്ങളിലേയ്ക്കും ഭീകരവാദ പ്രസ്ഥാനങ്ങളുടെയും തീവ്രവാദ സംഘടനകളുടെയും നുഴഞ്ഞു കയറ്റവും ആസൂത്രിത അജണ്ടകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സജീവമായി വ്യാപിച്ചിരിക്കുന്നത് ഗൗരവമായി കാണണം. ഭീകരസംഘങ്ങളെ അടിച്ചമര്‍ത്തിയും തള്ളിപ്പറഞ്ഞും നടപടികളെടുത്തും ജനങ്ങളുടെ ആശങ്കകള്‍ അകറ്റി ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ സര്‍ക്കാര്‍ ഭരണസംവിധാനങ്ങള്‍ തയ്യാറാകണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.